Monday, January 27, 2014

AKSHARAJALAKAM, LAKKAM 12, PAGE 1/jan 26-feb 2/2014























The greatest religion is to be true to your own nature. Have faith in yourselves.
  Swami Vivekananda













Popular culture is a place where pity is called compassion, flattery is called love, propaganda is called knowledge, tension is called peace, gossip is called news, and auto-tune is called singing.
Criss Jami, അമേരിക്കൻ എഴുത്തുകാരൻ

സംസ്കാരം,ജീവരാഷ്ട്രീയം, സെക്സ്, കർത്തവ്യനിരപേക്ഷത

സംസ്കാരം ഇന്നു ഒരു പ്രത്യേകകലയുടെയോ, മതാചാരത്തിന്റെയോ ,കാലഘട്ടത്തിന്റെയോ ഭാഗമല്ല; അതു കൂടുതൽ അർത്ഥവൈപുല്യം നേടിയിട്ടുണ്ട്.എല്ലാ ദിശയിലും, ചരിത്ര വസ്തുക്കളിലും കാലത്തിലും  അതുണ്ട്. സംസ്കാരം ഒരു പ്രകൃതി വിഭവമാണ്.അത് ജീവിക്കുന്ന ഏതൊരാൾക്കും അവകാശപ്പെട്ടതാണ്. ഒഴിവാക്കപ്പെട്ട സാഹിത്യപരവും സാഹിത്യേതരവുമായ കൃതികളുണ്ട്.ഇതെല്ലാം വായിക്കേണ്ടതാണ്.സംസ്കാരം ഒരു വായനയ്ക്കുള്ളതുമാണ്.
ഏതു വസ്തുവിനെയും വായിക്കാം. അത് സാഹിത്യമാകണമെന്നില്ല. ഏതിനെയും വായിച്ച് സാഹിത്യമാക്കാം.






ഒരു ക്ലാസിക് കലയുടെ ഉപയോഗത്തിലൂടെയേ സംസ്കാരം നേടാനാകൂ എന്നത് പഴകി റദ്ദായ  ആശയമാണ്.ചിത്രപ്പണികളോടുകൂടിയ ഒരു കുടം മാർക്കറ്റിൽ നിന്നു വാങ്ങിയാൽ നമുക്ക് അതിന്റെ സംസ്കാരം ലഭിക്കും.അതിന്റെ അർത്ഥമല്ല , പ്രതിനിധാനമാണ് നമ്മുടെ അസ്തിത്വത്തെ നിർവ്വചിക്കുന്നത്.
ഇറ്റാലിയൻ ചിന്തകനായ റോബർട്ടോ എസ്പോസിറ്റോ (Roberto Esposito)'ബയോസ് (Bios)എന്ന കൃതിയിൽ ജീവരാഷ്ട്രീയം (Biopolitics)എന്ന ഒരാശയം അവതരിപ്പിക്കുന്നുണ്ട്.പുതിയൊരു രാഷട്രീയം ഉണ്ടായിരിക്കുന്നു; അത് ശരീരത്തിന്റേതാണ്.ശരീരമാണ് ഇന്ന് വിശ്വസിക്കാവുന്ന ഡേറ്റയായി രാഷ്ട്രങ്ങൾ അംഗീകരിക്കുന്നത്. ബയോമെട്രിക് പരിശോധനകൾ, സ്കാനിംഗുകൾ, നിരീക്ഷണക്യാമറകൾ, എന്നിവ ഉപയോഗിച്ച് ശരീരത്തെ രാഷ്ടശരീരമാക്കുന്നു.


ഇവിടെയാണ് കർത്തവ്യനിരപേക്ഷത(Immunity)യിലൂടെ വ്യക്തികൾ അവരുടെ സ്വാതന്ത്ര്യത്തിനായി പോരടിക്കുന്നത്.വ്യക്തികൾ അവരെ വലയം ചെയ്തിരിക്കുന്ന നൂറുകൂട്ടം മേൽനോട്ട ശ്രംഖലകളിൽ നിന്ന് വിടുതൽ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവർ അവരുടെ സ്വാതന്ത്ര്യം വിട്ടുകൊടുക്കാതെ നോക്കും. ഇത് ഇമ്മ്യൂണിറ്റിയും കമ്മ്യൂണിറ്റിയും തമ്മിലുള്ള സംഘർഷത്തിനു വഴിവയ്ക്കാം.ഒരാൾ ഇമ്മ്യൂൺ ആകുക എന്നാൽ എല്ല ആശയ കൈമാറ്റങ്ങളിൽ നിന്നും മാറിനിൽക്കുക എന്നാണർത്ഥം.താൻ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണെന്ന് സ്ഥാപിക്കാനാവും ഇമ്മ്യൂൺ ആയ വ്യക്തി തീരുമാനിക്കുക.സ്വയം സംരക്ഷണാർത്ഥം മറ്റെല്ലാ അതിർത്തികളും അടച്ചുകെട്ടുന്നു.സ്വന്തം ജീവശാസ്ത്രം ഒരു രാഷ്ട്രരേഖയായി മാറുമ്പോൾ ഈ നിലവാരപ്പെടലിനു ബദലായി വ്യക്തികൾ അവരുടേതായ സ്വകാര്യതകൾ നിർമ്മിക്കുന്നു. മറ്റെല്ലാറ്റിനോടും വിട പറഞ്ഞുകൊണ്ട് വ്യക്തി അവന്റെ ഒഴിഞ്ഞ ഇടം സംരക്ഷിക്കുന്നു.
നമ്മുടെ നാട്ടിൽ കൂറ്റൻ വീടുകളുടെ നിർമ്മാണത്തിൽ മുതൽ സെക്സ് അതിക്രമത്തിൽ വരെ ഈ ഇമ്മ്യൂണിറ്റി പാരഡൈം (Immunity Paradigm) കാണാവുന്നതാണ്.
സെക്സ് ഇന്നു എത്ര ക്രൂരമായി പുറത്തുവന്നിരിക്കുന്നു! എല്ലാ പരിഷ്കാരങ്ങളും നേടിയ മനുഷ്യൻ മൃഗരതിയിലേക്ക് കാലുകുത്തിയിരിക്കുന്നു.എണ്ണമറ്റ നിയമങ്ങളും ശിക്ഷാവിധികളും ഈ അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും മനുഷ്യനു അവന്റെ സ്വാതന്ത്ര്യത്തിന്റെയും വികാരവിമോചനത്തിന്റെയും ആവശ്യത്തിനുവേണ്ടി എതു വിധത്തിലും അധഃപതിക്കാൻ മടിയില്ല.കാരണം ഇങ്ങനെ സ്വയം നശിപ്പിക്കുന്നതിലൂടെ അവനു കിട്ടുന്ന വ്യക്തിജീവിതത്തിന്റെ ഒരു തുണ്ട് , മറ്റെല്ലാ അപമാനത്തേക്കാളും  മികച്ചതാണത്രേ!.

 



ഈ ലോകം വ്യക്തിയെ എല്ലായിടത്തും കൂച്ചു വിലങ്ങിട്ട് പരിശോധിക്കുകയാണ്.കിടപ്പറയിലൊഴിച്ച് മറ്റെല്ലായിടത്തും ക്യാമറയാണ്.ഒരു പക്ഷേ, ഏറ്റവും മാന്യവും സ്വതന്ത്രവും സ്വകാര്യവുമായ ഇടം കിടപ്പറയായിരിക്കും.ഇങ്ങനെ എല്ലാം അടക്കിപ്പിടിക്കുന്നവർ , അതിൽ നിന്നു മുക്തി നേടാൻ പലവഴികൾ തേടുന്നു; അവനേറ്റവും സുഖസൗകര്യമുള്ള ,  വാസസ്ഥലമുണ്ടാക്കുന്നു; പണം കൊടുത്തു വാങ്ങാൻ കഴിയുന്ന എല്ലാ പകിട്ടും കൈവശപ്പെടുത്തുന്നു.പക്ഷേ ,ഒന്നിലും സമാധാനം കിട്ടുന്നില്ല. കാരണം ,പുറത്തിറങ്ങിയാൽ അവനെയും ക്യാമറകളും ബയോ ടെസ്റ്റുകളും ഐഡന്റിറ്റി പരിശോധനകളും പിന്തുടരും. ഒരു പഴുത് കിട്ടിയാലുടനെ , ഈ അടക്കിവച്ചതെല്ലാം കിരാതമായി പുറത്തു ചാടുന്നു!. അവൻ ഒരു ക്രിമിനൽ ആയി തന്റെ പ്രാചീനവും, സ്വാതന്ത്ര്യത്തെ  ദാഹിക്കുന്നതുമായ സ്വഭാവത്തെ  ഒരു പേപ്പട്ടിയെ എന്നപോലെ  പുറത്തേക്ക്  അഴിച്ചു വിടുന്നു!

കൈരളിയുടെ കാക്കയും
ചങ്ങമ്പുഴയുടെ വിവർത്തനങ്ങളും

ചങ്ങമ്പുഴയുടെ വിവർത്തന കാവ്യശാസ്ത്രത്തെപ്പറ്റി പ്രിയ നായർ എഴുതിയ (ചങ്ങമ്പുഴയുടെ വിവർത്തന കാവ്യശാസ്ത്രം, 'കൈരളിയുടെ കാക്ക; ത്രൈമാസിക,
 ജനു.മാർച്ച് 20140, pho: +91 9820556869, email: mumbaikaakka@gmail.com) നല്ലൊരു വിളവെടുപ്പായി. ലേഖിക ഈ വിഷയത്തെ നല്ലപോലെ ഗവേഷണം ചെയ്തു മനസ്സിലാക്കിയിട്ടൂണ്ട്.
യുവാവായിരിക്കെ ചങ്ങമ്പുഴ  അഞ്ഞൂറിലേറെ ഇംഗ്ലീഷ് കൃതികൾ വായിച്ചു തീർത്തതായി വിവരിച്ചിട്ടുണ്ട്.
വായന,  അദ്ദേഹത്തിനു ലഹരിയായിരുന്നു. ഇന്നാണെങ്കിൽ ഗോദ്ഫാദർമാരെ ഉണ്ടാക്കാനാണ് ഓട്ടം. അവാർഡു മുതലാളിമാരെ ചാക്കിട്ടു പിടിക്കാനുള്ള പാച്ചിലിനിടയിൽ വായിക്കാനൊക്കെ നേരമുണ്ടോ?
അതുകൊണ്ട് ഇന്നത്തെ എഴുത്തുകാർ നാണംകെട്ട് , പൊതുവേദിയിൽ പോലും , ഒന്നും വായിക്കരുതെന്ന് ഉപദേശിക്കുന്നു!.

ചങ്ങമ്പുഴ നേടിയ പദസമ്പത്തും സാഹിത്യാവബോധവും ധീരമായ ഭാഷാപ്രയോഗവും വായനയിൽ നിന്നു ഉണ്ടായതാണ്.
പ്രിയാനായർ എഴുതുന്നു:ആനന്ദകുമാരസ്വാമിയുടെ
യും സിസ്റ്റർ നിവേദിതയുടെയും സംയുക്തസംരംഭമായ മിത് സ് ഓഫ് ദ് ഹിന്ദൂസ് ആൻഡ് ബുദ്ധിസ്റ്റ്സ്  എന്ന കൃതിയുടെ ഒരു സ്വതന്ത്രവിവർത്തനമാണ് ചങ്ങമ്പുഴയുടെ ' മാനസേശ്വരി'. കല്ലോലമാല,ആകാശഗംഗ,മഞ്ഞക്കിളികൾ എന്നിവയും വിവർത്തന കൃതികളാണ്.കല്ലോലമാലയിൽ ഇരുപത്തിയേഴ് വിവർത്തന കൃതികളുണ്ട്. പതിമൂന്നു ചൈനീസ് കവിതകളും രണ്ടു  ഫ്ലെമിഷ് കവിതകളും
ചൈനീസ് കവിയായ ചൊ വെൻ ചൂണിന്റെ  കവിത- ദുരന്തരാഗം-യാണ് തന്റെ വിവർത്തനശൈലിയെ ഉദാഹരിക്കാൻ സുധാംഗതയുടെ മുഖവുരയിൽ കവി സ്വീകരിച്ചിട്ടുള്ളത് .കല്ലോലമാലയിലെ മുഴുവൻ കവിതകളും പ്രേമത്തെക്കുറിച്ചുള്ളവയാണ്. ഷെല്ലിയുടെ ഓഡ് ടു സ്കൈലാർക്ക് എന്ന കവിത ഒരു വാനമ്പാടിയോട് എന്ന് വിവർത്തനം ചെയ്തിരിക്കുന്നു.
സ്വാഗതമാനന്ദാത്മൻ,വിണ്ണിലോ തദുപാന്ത-
ഭാഗത്തോനിന്നുംകൊണ്ടു നിൻപൂർണഹൃദയത്തെ
കേവലമിച്ഛാമാത്രജന്യമാമേതോദിവ്യ-
കാവ്യത്തിൻ ഗാനാമൃതപുണ്യനിർത്ധരികയായ്
ഇക്ഷിതിയിങ്കലൊഴുകുന്നല്ലൊ ഭവാനൊരു
പക്ഷിയല്ലയി നൂനം ദേവസംഭവനത്രേ!
മോഹൻ കാക്കനാടൻ നേതൃത്വം നൽകുന്ന 'കാക്ക' ത്രൈമാസിക സാഹിത്യത്തിനു ഉണർവ്വു പകരുകയാണ്.മുംബൈ വായനക്കാർക്കു ദിശാബോധം നൽകാനും സാഹിത്യപ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിക്കാനും മാസികയ്ക്ക് കഴിഞ്ഞിരിക്കുന്നു.സാഹിത്യം ,കല,വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ  കാക്ക ജാഗ്രത പാലിക്കുന്നതോടൊപ്പം പുതിയ അന്വേഷണങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.

രാജീവ് സേഥി

ദക്ഷിണേഷ്യയിലെ പ്രമുഖ ഡിസൈനറായ രാജീവ് സേഥിയുടെ ഒരു പ്രസ്താവന വായിച്ചു:മ്യൂസിയം ഒരു സ്ഥാപനം എന്ന നിലയിൽ ഒതുങ്ങാനുള്ളതല്ല. അതു നമ്മുടെ സാധാരണ ജീവിതത്തിന്റെ ഭാഗമാകണം. നമ്മൾ കണ്ടത്, കേട്ടത് എല്ലാം അതിനോടു ചേർന്നു പോകണം.നാം ജീവിച്ച ഇടങ്ങളിൽ അതുണ്ടായിരിക്കണം. കലയെ നമ്മൾ ജീവിച്ച ഇടങ്ങളിലേക്ക് - ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, പാർക്കുകൾ- മടക്കികൊണ്ടുവരണം.

വളരെ അനിവാര്യമായ ഒരു നിലപാടാണിത്.
ഫ്രഞ്ച് കലാ ചിന്തകനായ നിക്കോളാസ് ബോറിയ പറഞ്ഞത് കേൾക്കൂ: മ്യൂസിയങ്ങൾ രാത്രിയും പ്രവർത്തിക്കണം. അതു രാവിലെ പത്തു മുതൽ അഞ്ചുവരെ എന്ന നിലയിലല്ല ഉണ്ടാകേണ്ടത്. ആളുകൾക്കു വരാൻ പറ്റുന്ന സമയത്ത് മ്യൂസിയം തുറന്നിരിക്കണം. സിനിമാതീയേറ്ററുകൾ  വൈകിട്ടു അഞ്ചു മണിക്ക് അടയ്ക്കുകയാണെങ്കിലോ ? അതുകൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടാകുമോ?

കലാകാരൻ/എഴുത്തുകാരൻ

ദൈവത്തെപ്പോലെ ശൂന്യതയിൽ നിന്നു സൃഷ്ടി നടത്തുന്നവനാണ് കലാകാരനെന്ന ധാരണ അസ്തമിച്ചിരിക്കുന്നു. അങ്ങനെയൊരു അചുംബിത ലോകം ഇനി എവിടെയുമില്ല. നിലവിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, പല കാലങ്ങളിലുടെ നമുക്ക് ലഭിച്ചത് എങ്ങനെ ഉപയോഗിക്കാമെന്നാണ് നാം പരിശോധിക്കേണ്ടത്.

സംസ്കാരം

നാലതിരുകളുള്ള, വളരെ സ്വകാര്യവും, പവിത്രവുമായ, ഭദ്രമായ, ഒരു കലയേയോ കാലത്തെയോ മാത്രം ഓർമ്മിപ്പിക്കുന്ന സംസ്കാരം ഇനിയില്ല. എല്ലാ സംസ്കാരങ്ങളും ആർക്കും ആർജിക്കാം. എല്ലാം ഒരു പൊതു വിപണിയിലാണുള്ളത്.സംസ്കാരം സാധ്യതകളുടെ അറയാണ്.

എല്ലാ കുത്തകയും തകർന്നു
വേദം, ഉപനിഷത്ത് തൂടങ്ങിയ അശയസംഹിതകളൊക്കെ ആർക്കും ഇന്നു പഠിക്കാൻ അവസരമുണ്ട്. ഇത്തരം പുസ്തകങ്ങൾ എവിടെയും ലഭ്യമാണ്.അതു വായിക്കാനുള്ള സമയവും മനസ്സുമാണ് വേണ്ടത്.സമയമില്ലാത്ത ഒരാളെ നമുക്കു കുറ്റപ്പെടുത്താൻ കഴിയില്ല.എന്നാൽ എല്ലാവർക്കും കിട്ടുന്ന, എല്ലാവരുടെയും കൈവശമുള്ള ഈ ചിന്തകൾ അതേപടി കവിതയോ കഥയോ ആക്കി മാറ്റി അവതരിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല.പുതുതായി എന്തെങ്കിലും വേണം. ഈ പ്രാചീന ചിന്തകൾ ഉപയോഗിച്ച് നമുക്ക് എങ്ങോട്ടെങ്കിലും സഞ്ചരിക്കാൻ കഴിയണം.ഒരു പണ്ഡിതനും ഇനി അപ്രമാദിത്വം അവകാശപ്പെടാൻ കഴിയില്ല.ഒരു നല്ല 'കുക്ക്'ആകാൻ പറ്റുമോ എന്നാണ് നോക്കേണ്ടത്.

അക്കാദമികൾ
 കേന്ദ്ര സാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും 'ഖസാക്കിന്റെ ഇതിഹാസ'ത്തിനു ഒരവാർഡും കൊടുത്തില്ല. നല്ലൊരു പുസ്തകം വല്ലപ്പോഴുമാണ് ഉണ്ടാകുന്നത്. അപ്പോൾ ഈ സ്ഥാപനങ്ങൾ ഉറങ്ങിപ്പോയാലോ? ഈ നോവൽ മനസ്സിലാക്കാൻ ശേഷിയുള്ളവർ അക്കാദമികളിൽ ഇല്ലായിരുന്നോ?
എന്നാൽ  അക്കാദമികൾക്ക് അസാധ്യമായിരുന്ന കാര്യം , കേവലം യുവാവായിരുന്ന ഞാൻ എൺപതുകളിൽ ചെയ്തു.
ബി.എ.അവസാന വർഷം പഠിക്കുമ്പോൾ മുതൽ ഞാൻ ഈ നോവലിനെപ്പറ്റി ഒരു ആസ്വാദനം എഴുതാൻ ശ്രമമാരംഭിച്ചിരുന്നു. അതു എം.എ രണ്ടാം  വർഷമായപ്പോൾ പുസ്തകമായി പുറത്തു വന്നു- ആത്മായനങ്ങളുടെ ഖസാക്ക്.

എന്റെ ഖസാക്ക് പഠനം വായിച്ചാൽ മനസ്സിലാകുന്നില്ലെന്നു പറയുന്നവരുണ്ട്.എഴുതുമ്പോൾ  എല്ലാം വ്യക്തമാവണമെന്നില്ല. പലതും അബോധത്തിൽ നിന്നാണ്  വരുന്നത്. ഒരു പെയിന്റിംഗ് പൂർണമായി അറിയുന്നത് , ചിലപ്പോൾ സധ്യമായെന്നു വരില്ല. എന്നാൽ അതു നമ്മുടെ മുൻപിലുണ്ട്.അവ്യക്തമായതും കലയാണ്.അവ്യക്തതയെ തേടാനുള്ള ഭാഷയാണ് വേണ്ടത്.നമുക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ്  എഴുതേണ്ടത്. എല്ലാം അറിയാമെങ്കിൽ എഴുതേണ്ടതുണ്ടോ?

പി എ അനീഷ്
പി എ അനീഷിന്റെ' തണുപ്പിനോട്' എന്ന കവിത ' ഇ കവിതകളുടെ സമാഹാരത്തിൽ നിന്നാണ് വായിച്ചത്.ഒരു വസ്തുവിനെ അതായിത്തന്നെ നിലനിർത്തുന്നതിനാണ് അനീഷിന്റെ ശ്രമം.

ടോ തണുപ്പേ
താനിങ്ങനെയെന്നും
രാപ്പാതിനേരത്ത്
കടന്നുവന്ന്
ക്രൂരനായ വന്യമൃഗം
തേറ്റയാലെന്നപോലെ
മുരണ്ടുകൊണ്ടെന്റെ
പുറത്താകുന്ന ശരീരത്തെ
കുത്തിമറിക്കുകയാണ്
ഞാനപ്പോള്‍
സൂചിത്തലപ്പിനേക്കാള്‍
സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍
നിന്നു രക്ഷപ്പെടാന്‍
പുതപ്പിനുള്ളിലേക്കു
ചുരുണ്ടുകൂടുകയാണ്
എന്നാലും
അസ്വസ്ഥപ്പെടുത്തുന്ന
സുഖാലസ്യത്തിന്റെ ചൂടില്‍നിന്ന്
ഇടയ്ക്കിടയ്ക്ക്
നിന്റെ തേറ്റയിലേക്കെന്റെ
പുതപ്പു ഞാന്‍ മാറ്റുന്നുണ്ട്
മരണത്തിന്റെ നാക്കിലേക്ക്
നീട്ടുന്ന ഉഷ്ണശരീരങ്ങള്‍പോലെ!

സുഗതകുമാരി

അധർമ്മത്തിനെതിരെ പ്രവർത്തിക്കാൻ ആരുമില്ലാതായി; പ്രവർത്തിച്ചിട്ടും കാര്യമില്ല. അത്രമേൽ തിന്മയുടെ ശക്തികൾ അധിപത്യം നേടുകയാണ്. നമുക്ക് ആൾബലം മാത്രമേയുള്ളു; അധികാരബലമില്ല. സുഗതകുമാരിയുടെ കവിത(എഴുന്നള്ളത്ത്, 'പ്രസാധകൻ'  മാസിക, ജനുവരി) യിൽ വയിക്കാം:
അമ്മേ, പുണ്യം പുലർന്നൊരീ
മണ്ണിൽ വീണ്ടുമനന്തമാം
ധർമവും ജയവും വെന്നി
വീശുവാൻ വരമേകുക

ശുദ്ധി നൽകുക, സത്യത്തിൽ
ദീപം കത്തിച്ചു കാട്ടുക
നിത്യമാം സ്നേഹകാരുണ്യ
ധാര ഹ്ര്ത്തിൽ നിറയ്ക്കുക
'പ്രസാധകന്റെ' ആദ്യലാക്കമാണിത്.
സണ്ണിക്കുട്ടി എബ്രഹാം, ചെറിയാൻ ഫിലിപ്പ്, പി പരമേശ്വരൻ, വി ആർ സുധീഷ്, ഹരീഷ് വാസുദേവ്, ഗീതാർത്ഥ, വി.കെ.ജോസഫ്, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ എഴുതിയിരിക്കുന്നു.

ശ്രീനാരായണഗുരുവും കുമാരനാശാനും

ശ്രീനാരായണഗുരു ബഹുമുഖമായ സ്വരങ്ങളുടെ ഒരു സമുച്ചയമാണ്. ഗുരു കവിതയും ഗദ്യവും ഉപയോഗിച്ചാണ് സംസാരിച്ചത്. ഗുരുവിനു കവിത്വമുണ്ട്.  ഒരു കവിയായും ഗുരുവിനെ വിലയിരുത്താം.
 ഗുരുവിന്റെ 'ജനനീനവരത്നമഞ്ജരി'യിലെ ഈ ശ്ലോകം നോക്കൂ:
മീനായതും ഭവതി മാനായതും ജനനി!
     നീ നാഗവും നഗഖഗം-
താനായതും ധരനദീനാരിയും നരനു-
    മാ നാകവും നരകവും-
നീ നാമരൂപമതിൽ നാനാവിധ പ്രകൃതി-
   മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും.



കുമാരനാശാന്റെ 'ലീല'യിലെ ഈ വരികൾശ്രദ്ധിക്കൂ:
ആരും തോഴീ! യുലകിൽ മറയു-
   ന്നില്ല;മാംസം വെടിഞ്ഞാൽ
തീരുന്നില്ലി പ്രണയജടിലം
ദേഹിതൻ ദേഹബന്ധം;
പോരും ഖേദം ; പ്രിയസഖി, ചിരം
വാഴ്ക മാഴ്കാതെ; വീണ്ടും
ചേരും നാം കേൽ;-വിരതഗതിയാ-
യില്ല സംസാരചക്രം.

എന്നാൽ ഈയിടെയായി കവിതയുടെ കാര്യത്തിൽ ഗുരുവിനെയും ആശാനെയും താരതമ്യം ചെയ്തുവരുന്നതായി കാണുന്നു. ഈ ഉപഭോഗത്തിന്റെ അതിപ്രസരകാലത്ത് അതും സംഭവിക്കാവുന്നതേയുള്ളു. അതിലൊരു കുഴപ്പമുണ്ട്.
ഗുരു ഋഷികവിയാണ്.ഉപനിഷത്തൊക്കെ എഴുതിയവരെപ്പോലെ.
ആശാനാകട്ടെ, ലൗകികനും ആത്മീയാന്വേഷകനുമാണ്.സന്യാസം ആശാന്റെ മനസ്സിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. അതുകൊണ്ടാണ് എല്ലാ രചനകളിലും പരിവ്രാജകത്വം പ്രത്യക്ഷമാകുന്നത്.

ഗുരുവും ശിഷ്യനും താരതമ്യം വേണോ?അനുചിതമാണിത്. ചിലരെങ്കിലും തെറ്റായി വ്യാഖ്യാനിക്കും.അങ്ങനെയൊരു താരതമ്യത്തിന്റെ പ്രസക്തി  എന്താണ്?അതിനു നൈതികമായി നിലനിൽപ്പില്ല.ആശാൻ ഒരു കവിയുടെ സകല നാടകീയതയും ആത്മീയതയുംകൊണ്ടു നിറയുകമാത്രമല്ല ചെയ്തത്; അത് ഒരു കാലത്തിന്റെ മനസ്സാക്ഷിയുടെ ഉയർത്തെഴുന്നേൽപ്പായി മാറുകയും ചെയ്തു.രോഗത്തിനു മരുന്ന് എന്നപോലെ ഒരു പ്രോട്ടഗോണിസ്റ്റ് പ്രത്യക്ഷപ്പെടുകയാണ്.ഒരു ശൈലീശാസ്ത്രം തന്നെ പിറവിയെടുക്കുന്നു.നവീനതയിൽ വിലയം പ്രാപിക്കുന്ന ധൈഷണികത.

എന്തിനാണ് ഇതിനെ  ഗുരുവിന്റെ ഋഷിപദപ്രബോധനങ്ങളുമായി തുലനം ചെയ്യുന്നത്.?
ഒരു ഉപഭോഗതാല്പര്യമായിരിക്കാം അത്; ആരും മനപ്പൂർവ്വം തെറ്റു ചെയ്യുന്നില്ലായിരിക്കാം. എന്നാൽ ദോഷൈകദൃക്കുകൾ ഇതെടുത്ത് ഉപയോഗിക്കും; അർത്ഥമറിയാതെ.

'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ പതിനേഴ് പ്രസാധകർ തള്ളികളഞ്ഞ പുസ്തകം!

പത്ത്‌ പ്രസാധകരെങ്കിലും നിരസിച്ച പുസ്തകങ്ങൾ എങ്ങനെയാണ്‌ , പിന്നീട്‌ ക്ലാസിക്കായി പരിണമിക്കുന്നത്‌? അമേരിക്കൻ ഗ്രന്ഥകാരനായ റിച്ചാർഡ്‌ ബാക്‌ (Richard Bach) എഴുതിയ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ' പ്രശസ്തമാണല്ലോ. ഒരു കടൽകാക്ക പറക്കുക എന്ന ആനന്ദിനുവേണ്ടി അലഞ്ഞ്‌ ആത്മീയമായ ലോകം സൃഷ്ടിക്കുന്ന നോവലാണത്‌. ഇത്‌ പതിനെട്ട്‌ പ്രസാധകർ തള്ളിക്കളഞ്ഞ കൃതിയാണ്‌. ആ പ്രസാധകരുടെ പൊങ്ങച്ചം പിടിച്ച മാനേജർമാർ പറഞ്ഞത്‌, ഒരു കാക്ക ജീവസന്ധാരണത്തിനു വേണ്ടി പറക്കുന്ന കഥയാണെങ്കിൽ വായിക്കപ്പെടുമെന്നായിരുന്നു; മണ്ടത്തരം. എന്നാൽ പതിനെട്ടാമത്‌ ഒരു പ്രസാധകൻ-മാക്മില്ലൻ പബ്ലിഷേഴ്സ്‌ -അത്‌ അച്ചടിച്ചു. 1972ൽ! എന്താണ്‌ സംഭവിച്ചത്


ആ വർഷംതന്നെ  ദശലക്ഷം കോപ്പി വിറ്റഴിഞ്ഞു. ഇന്നും അതിനു സമാനമായ ഒരു പുസ്തകം വേറെയില്ല. 1973 ൽ ഈ നോവൽ ചലച്ചിത്രമാകുകയും ചെയ്തു. മാക്മില്ലനും അത്‌ തഴയുകയായിരുന്നെങ്കിലോ? നമുക്ക്‌ ഒരു ലോകക്ലാസിക്‌ നഷ്ടപ്പെടുമായിരുന്നു.

ലക്കം രണ്ട്  ഇവിടെ വായിക്കാം

AKSHARAJALAKAM, LAKKAM 12, PAGE 2












 Everything comes to us that belongs to us if we create the capacity to receive it .
Rabindranath Tagore













 Sexually progressive cultures gave us literature, philosophy, civilization and the rest, while sexually restrictive cultures gave us the Dark Ages and the Holocaust.
Alan Moore, ഇംഗ്ലീഷ് എഴുത്തുകാരൻ


ആത്മീയവും കലാപരവുമായ എല്ലാ  അഭിവാഞ്ചകളും വാടിപ്പോയിരിക്കുന്നു

 ഡച്ച് സംവിധായകനായ ജോർജ് സ്ലൂസറി(George Sluizer)ന്റെ ഒരു പ്രഭാഷണം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
അദ്ദേഹം പറയുന്നത് ഇതാണ്:ഈ മുതലാളിത്ത കാലത്ത് പണം മനുഷ്യനെ സ്വതന്ത്രമാക്കുകയല്ല, അടിമയാക്കുകയാണ് ചെയ്യുന്നത്.നമ്മുടെ ജീവിതരീതിയുടെ യുക്തിപരമായ പരിണാമമാണ്  ഈ ധാർമ്മിക തകർച്ച.അതുകൊണ്ട് ഈ അന്യവൽക്കരണത്തെയും ആശയരാഹിത്യത്തെയും ചെറുക്കാൻ നാം ശ്രമിക്കേണ്ടതല്ലേ?നാം ജീവിക്കുന്ന ഈ ലോകത്തെ വിമർശനാത്മകമായി കാണാനെങ്കിലും കഴിയുന്നുണ്ടോ?
കുടുംബങ്ങളും സമൂഹവും അടിച്ചേൽപ്പിക്കുന്ന ധാരണകളോട് എങ്ങനെ പൊരുത്തപ്പെടാൻ കഴിയുന്നു?

ഈ മൂല്യങ്ങൾ നമ്മുടേതാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.വർഷങ്ങളായി നമ്മൾ ഒരിടത്ത് തന്നെ വട്ടം കറങ്ങുന്നു.ശാസ്ത്രയുക്തിയുടെ എല്ലാ മേഖലകളെയും  , ഭാവിയിൽ നമ്മുടെ തലച്ചോർ തള്ളിക്കളയും.ധാർമ്മിക ചിന്തകൾ, നന്മതിന്മകൾ എല്ലാം അപ്രത്യക്ഷമാകാൻ പോകുകയാണ്.
വ്യക്തിപരമായി,  അന്യരെ കൊല്ലാനായി അനേകം പേർ കടന്നു വരുകയാണ്. തേനീച്ചകളെ നോക്കൂ , അവ ഒരിക്കലും അയൽക്കാരെ കൊല്ലുന്നില്ല. എന്നാൽ അവ മടികൂടാതെ കൊല്ലും , അനേകം റാണിമാർ ഉണ്ടായാൽ!; ഇതു പക്ഷേ , വ്യക്തിപരമായല്ല, തേനീച്ചകളുടെ സമൂഹമായിരിക്കും ആ കൊല ഏറ്റെടുക്കുക.
അദ്ദേഹം ഇങ്ങനെ തുടരുന്നു:
One of the main questions I asked myself when writing this paper was: can we integrate religion, philosophy, arts and science? I doubt it. Science takes a much faster road than the other three, and soon science will take over all power. Probably, in the future, our brain will eliminate everything that is not connected to scientific knowledge. Moral concepts, the idea of good and evil for example, will alter or disappear.


ഇന്നു കല സൃഷ്ടിക്കേണ്ട ആവശ്യമേയില്ലെന്ന് സ്ലൂസർ . കാരണം ആരുടെയും അതിജീവനത്തിനു  കല വേണ്ടല്ലോ.
സർക്കാരുകൾ എന്തിനു കലയ്ക്കു വേണ്ടി പണം മുടക്കണം?
ആത്മീയവും കലാപരവുമായ എല്ല അഭിവാഞ്ചകളും വാടിപ്പോയിരിക്കുന്നു. ഇപ്പോഴും ഇവയെല്ലാം നാമമാത്രമായി ജീവിച്ചിരിക്കുന്നത്, കുറച്ചുപേരെങ്കിലും ഈ വർദ്ധമാനമായ ഉപഭോഗാസക്തിക്കെതിരെ ചിന്തിക്കുന്നതുകൊണ്ടാണ്. ചിന്തിക്കുകയെന്നതാണ് നമ്മുടെ ആകെയുള്ള സമ്പാദ്യം. അത് ഒരു രാഷ്ട്രീയക്കാരനും നശിപ്പിക്കാനാവില്ല.

ക്ലാസിക്കൽ വിദ്യാഭ്യാസത്തിന്റെ സ്വഭാവം വച്ച് അതിനു ഇന്നത്തെ വേഗതയേറിയ സാങ്കേതിക വികാസത്തിന്റെയൊപ്പം നീങ്ങാനാവില്ല. ഇവയ്ക്ക് രണ്ടിനുമിടയിൽ വലിയൊരു വിടവുണ്ടായിട്ടുണ്ട്.ജീവിതം, മരണം, അനശ്വരത തുടങ്ങിയ വിഷയങ്ങളെപ്പറ്റി അന്തിമതീർപ്പു കൽപ്പിക്കുന്നതിനുള്ള ഒട്ടമല്ല വേണ്ടതെന്ന് സ്ലൂസർ പറയുന്നു. ഈ കാലത്തിനനുസരിച്ച് നാം ചിന്തകളെ പുനക്രമീകരിക്കണം.

ഉപദ്ധനിയുടെ കവിതാപതിപ്പ്
എൽ.വി.ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന ഉപദ്ധ്വനി മാസിക ( upadhwani@yahoo.co.in, 9447439717)ഈ ലക്കം മലയാളകവിതാപതിപ്പാണ്.  കവിതാ രംഗത്ത് മുമ്പെങ്ങുമില്ലാത്ത ഒരു കവിപ്രവാഹം ഇന്നു ദൃശ്യമാണ്.എന്താണ് അതു നൽകുന്ന സൂചന?
ഇത്രയും കവികൾ , ഈ ദുഷിച്ച കാലത്ത് എങ്ങനെ മഹത്തായ ഒരു ആദർശത്തെ പ്രതിനിധീകരിക്കും?

ഈ ലോകം പൊതുവേ പ്രാകൃതവും ക്രൂരവുമായി പതഞ്ഞു പൊങ്ങുകയാണ്. എന്നാൽ അതിന്റെ ഉറവിടം തേടാനുള്ള ശ്രമം എങ്ങുമില്ല. വലിയ പാരായണത്തിലേക്കും ചരിത്രപരമായ അറിവിനുവേണ്ടിയുള്ള ആസക്തിയിലേക്കും നീങ്ങേണ്ട ഈ കാലം, പക്ഷേ വളരെ വ്യക്തിപരമായ വിലാപങ്ങളിൽ ഉടക്കി കിടക്കുകയാണ്.അവനവനോട് മാത്രം കവികൾ സംസാരിച്ചാൽ മതിയൊ?
 ഒരു പ്രപഞ്ച സംസാരവും സാമൂഹ്യമായ അപര്യാപ്തതകളെ പൂരിപ്പിക്കുന്നതിനുള്ള ആവേശവും കാണാനില്ല. എല്ലാവരും കവിത എഴുതുന്നത്, മാധ്യമപരമായ അന്വേഷണത്തിലേക്കു എത്തുന്നുണ്ടോ?
കവിത എന്ന മാധ്യമത്തിനു സംഭവിച്ച അർത്ഥച്യുതിയെപ്പറ്റി ആലോചനയുണ്ടോ?

കവിത ആ മാധ്യമത്തെതന്നെ പരിഹസിക്കുന്ന മുഹൂർത്തത്തെപ്പറ്റി അറിവുള്ളവരെ കാണാനില്ല. അവനവന്റെ വിഷമങ്ങൾ അവനവനോടു തന്നെ പറയുന്ന പ്രവണത വർദ്ധിച്ചിരിക്കുന്നു. ഒരു സ്വയം വിമർശനം ഇല്ല.
കവിത എന്ന മാധ്യമത്തിന്റെ അപര്യാപ്തത മനസ്സിലാക്കി അതിനു പരിഹാരം കാണാനുള്ള വായന പലരും വികസിപ്പിക്കുന്നില്ല. ഭാഷാപരമായ അറിവുപോലും വേണ്ട എന്നു ചിന്തിക്കുന്നവരുമുണ്ട്.
കവികൾക്കെല്ലാം ഒരേ അഭിപ്രായം വരുന്നത് ദുരന്തമാണ്. വ്യത്യസ്തത ഒരു വിധിയായി കൊണ്ടുനടക്കേണ്ടതുണ്ട്.
കവികൾ ഒരു സൈന്യമായി, ജാതിയായി, വർഗ്ഗമായി അധഃപതിക്കരുത്.അവർക്ക് സ്വാഭിപ്രായം തുറന്നു പറയാൻ കഴിയാത്ത ഒരു ഭീതിയുടെ  പരിസരം ഇന്നു നിലനിൽക്കുന്നു. സ്വന്തം അഭിപ്രായം പറഞ്ഞാൽ കവിക്കൂട്ടത്തിൽ നിന്നു , എഴുത്തുകാരുടെ കൂട്ടത്തിൽ നിന്നു പുറത്താക്കുമോ എന്നു ഭയന്നു ചിലരെല്ലാം എല്ലാറ്റിനെയും വാഴ്ത്തുകയാണ്.എല്ലാ സംരംഭങ്ങളെയും പിന്തുടർന്നു , ബലേ ഭേഷ് പറയുന്ന അല്പന്മാരും കുറവല്ല. ഇതു എങ്ങോട്ടാണ് നയിക്കുക?


മറ്റൊരു കവിയുടെ രചനയെ വിമർശിക്കാൻ ധൈര്യമില്ലാത്തവർ , എഴുത്തുകാരുടെ കൂട്ടത്തിൽ പോയി  പേടിച്ചു നിന്നശേഷം അതിനു പുറത്തുള്ളവരെ വെറുതെ  ഉടുക്കുകൊട്ടി ഭയപ്പെടുത്താൻ നോക്കുകയാണ്. ഇവിടെയാണ് ഉപദ്ധനി ഇരുനൂറോളം കവികളെ ഒരൊറ്റ വാല്യത്തിലാക്കി നമുക്കു തരുന്നത്.
വലിയ കാര്യമാണ്. നിസ്വാർത്ഥമായ കർമ്മം. ഇതിൽ ഇന്ദിരാ അശോക് എഴുതിയ ഒരു കവിതയിലെ ഏതാനും വരികൾ ഉദ്ധരിച്ചുകൊണ്ട്  ഈ കുറിപ്പ് ചുരുക്കുന്നു:
വരിയായ്  വന്നു പൂർവ്വികർ
വാക്കു നൽകുന്നു ഗോത്രങ്ങൾ
അണപൊട്ടുന്ന ഗദ്ഗദം
മൈതാന പ്രസംഗമായി
കുടിനീരിന്റെ മാഹാത്മ്യം
ഗംഗയെന്നു സങ്കൽപ്പിച്ചു
കുടിക്കും ജലമാത്രമായാൽ
ഞരമ്പും നദിയാകണം
മറുതീരം കടക്കണം
അവസാനത്തെ ദാഹത്തിൽ
രുചിപോലുമറിയണം


 സാർത്ഥകം ന്യൂസ്
ബംഗ്ളൂരിൽ നിന്ന് ഇന്ദിരാ ബാലന്റെ  പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന  സാർത്ഥകം (newssaarthakamblr@gmail.com)കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ വിജയിക്കുന്നു.
സാഹിത്യ സാംസ്കാരിക വാർത്തകൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ദ്വൈമാസ പത്രമാണിത്.
ജനുവരി-ഫെബ്രുവരി ലക്കത്തിൽ  ഡോ.ഉഷാബാലകൃഷ്ണന്റെ രാമായണചിന്തയും, ഉണിക്കൃഷ്ണൻ ചെറുതുരുത്തിയുടെ  സൂചീമുഖി എന്ന കവിതയും, സച്ചിദാനന്ദനുമായി രവികുമാർ തിരുമല നടത്തിയ അഭിമുഖവും ശ്രദ്ധേയമായി.


ഡോ.ഷിൽജിയുടെ 'മാറ്റം അനിവാര്യം' എന്ന ലേഖനം കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യപരിപാലനത്തിൽ കരുതേണ്ട വസ്തുതകൾ ഇങ്ങനെ വിവരിക്കുന്നു:
1)ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുക.ബ്രാഹ്മമുഹൂർത്തം എന്നാൽ ബ്രഹ്മാവിനെ സ്മരിക്കാനും ബ്രഹ്മം അതായത് ജ്ഞാനം അഭ്യസിക്കാനും ഉള്ള സമയം എന്നാണ്  അർത്ഥം.
2)ഭഗവാനെ സ്മരിച്ച് ഉണർന്ന ഉടനെ മലമൂത്രാദികൾ വിസർജിച്ച് പുറത്തു കളയുക.ഈ മലഭാഗങ്ങൾ ശരീരത്തിൽ നിന്ന് പുറത്തുകളയാതെ വേറെയൊരു ജോലിയും ചെയ്യരുത്.
3)രണ്ടു നേരവും പല്ല് തേയ്ക്കണം
4)ശുദ്ധജലത്താൽ മുഖം കഴുകക.
5)സൂര്യദർശനം; ഉദിച്ചുവരുന്ന സൂര്യരശ്മികൾ വളരെ ആരോഗ്യദായകമാണ്.
6) വ്യായാമം ചെയ്യുക.നെറ്റിത്തടം വിയർക്കുമ്പോൾ വ്യായാമം ചെയ്യുന്നത് നിർത്തുക.

വേഡ് ഡേവിസ്

കനേഡിയൻ നരവംശശാസ്ത്രജ്ഞനായ എഡ്മണ്ട് വേഡ് ഡേവിസിന്റെ ഒരു പ്രസ്താവമുണ്ട്.
നമ്മൾ നമ്മുടെ സംസ്കാരത്തിന്റെ പ്രതിനിധാനം ആണെന്നു പറയുന്നത് ശരിയാണോ?
അദ്ദേഹം പറയുന്നത് ഇതാണ്:നമ്മൾ ജനിച്ച ലോകം യാഥാർത്ഥ്യത്തിന്റെ ഒരു മാതൃക  മാത്രമാണ്.മറ്റു ലോകങ്ങൾ എല്ലാം പരജയപ്പെട്ട ശ്രമങ്ങളല്ല;
മനുഷ്യചേതനയുടെ അതുല്യമായ പ്രകടനങ്ങളായി അവയെ നോക്കികാണാനുള്ള വിശാലതയും ആഴവും നമുക്കു വേണം.

സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ 'തന്മ'യിൽ.
കോഴിക്കോട് സാമൂതിരി രാജാവ് വിജ്ഞാന സദസ്സ് പുനരുദ്ധരിച്ചപ്പോൾ അഴീക്കോടിനെ മുടക്കം കൂടാതെ പ്രഭാഷണത്തിനു വിളിക്കുമായിരുന്നു.

എന്നാൽ ആറാം തവണ ,അദ്ദേഹം  ചെയ്ത പ്രഭാഷണത്തിൽ യാഗം അസംബന്ധമാണെന്ന് സ്ഥാപിച്ചുകൊണ്ട് , ഉപനിഷത്തിൽ നിന്ന് പട്ടികളുടെ കഥ പറഞ്ഞു.പട്ടികൾ തങ്ങൾക്ക് വിശക്കുന്നു എന്നു പറഞ്ഞുകൊണ്ട് യാഗശാലയിൽ ചെല്ലുന്ന ഭാഗമാണത്.യാഗത്തിനപ്പുറത്ത് ചിന്തയ്ക്കും ദർശനത്തിനുമാണ് പ്രാധാന്യം .മതത്തിൽ നിന്ന് ലഭിക്കുന്ന ദർശനം മനുഷ്യനെ സദ്പ്രവൃത്തികൾ ചെയ്യാൻ പ്രാപ്തമാക്കും.എന്നാൽ ഈ പ്രഭാഷണത്തിനു ശേഷം അദ്ദേഹത്തെ വിളിച്ചിട്ടില്ല.
ഇതിനെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇതാണ്:തത്ത്വമസി എഴുതിയതിനുശേഷം ,എന്നെ പുറത്താക്കിയതിലൂടെ സത്യത്തിനു വന്നുഭവിച്ച അപചയം  ഇവിടെ എത്ര വലുതാണ് എന്ന് നാം കാണുകയാണ്.സംസ്കൃതവും ഈ രാജ്യത്തിന്റെ പ്രാചീന സംസ്കാരവും യഥാർത്ഥത്തിൽ എന്താണ് എന്ന് ചൂണ്ടിക്കാണിക്കുമ്പോൾ , തീർച്ചയായും ഇവിടെ ഉണർന്നെഴുന്നേൽക്കുന്ന അന്ധകാരത്തിന്റെ ശക്തികൾ ഇന്നും എവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്.

മുറിവ്

സ്നേഹത്തിൽനിന്നേറ്റ മുറിവ് ഉണങ്ങുകയില്ല;പ്രണയത്തിൽനിന്നേറ്റ മുറിവ് അടുത്ത ജന്മത്തിലും അവതരിക്കും

സേവ്യർ ജെ

സേവ്യർ ജെയുടെ നാലാമത്തെ നോവൽ ശൈലികൊണ്ടും ഭാഷാവിശുദ്ധികൊണ്ടും മികച്ചു നിൽക്കുകയാണ്.അദ്ദേഹം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് നോവൽ എഴുതിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് നോവൽ എഴുതുന്നത് സാഹസമാണ്.യാഥാർത്ഥ്യത്തിന്റെ ചിത്രീകരണത്തിൽ സ്വാതന്ത്ര്യം കിട്ടുകയില്ല. മറ്റൊരാളുടെ നിലപാടുകൾ ശരിവയ്ക്കേണ്ടിവരും. സേവ്യർ ഇതെല്ലാം സഹിച്ച് എഴുതിയ 'വെയിലിലേക്ക് മഴ ചാഞ്ഞു' എന്ന നോവൽ , സ്വതന്ത്രകൃതി എന്ന നിലയിൽ തന്നെ പ്രസക്തി നേടുകയാണ്.പത്രപ്രവർത്തക ലീലാമേനോന്റെ ജീവിതത്തെ ആധാരമാക്കികൊണ്ട് , ഒരു നോവൽകലാകാരന്റെ ആന്തരികസമസ്യയും ആഖ്യാനസുഖവും സേവ്യർ ഇതിലൂടെ നേടി എന്നു ഞാനറിയുന്നു.
നവാഗതരായ 'ബുക്കർമാൻ'(കൊച്ചി) ആണ്  പ്രസാധകർ.ഫോ:0484 2335622, 9446003750,

ഇ  പുസ്തകം

സുലോച് സുലോ സമാഹരിച്ച     ഈ പുസ്തകത്തിൽ ചിലരുടെ കവിത ഉൾപ്പെടുത്തിയത് തെറ്റ്, മറ്റു ചിലരുടെ രചന ഉൾപ്പെടുത്താമായിരുന്നു എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല.കാരണം ഈ മേഖലയിൽ മിക്കവാറും പേരും നവാഗതരാണ്.അവരിൽ കുറെപ്പേർക്ക് ഒരു പ്രകാശനം  കിട്ടട്ടെ. ബാക്കിയുള്ളവരെ തുടർ ലക്കങ്ങളിൽ ഉൾപ്പെടുത്താവുന്നതേയുള്ളു.  ഇ കവിതകളിൽ നിന്നാണ് അനിൽ കുറ്റിച്ചിറയുടെ 'ശീർഷകമില്ലാതെ' ലഭിച്ചത്.
ഒരു കവിയുടെ പരീക്ഷണം ഇതിൽ കണ്ടു.നമുക്ക് പരിചിതമായ സംഭവങ്ങളിൽ നിന്ന് അദ്ദേഹം മറ്റൊരു നാടകം കണ്ടെത്തുന്നു.





പണ്ടെന്നോ ചിലർ
കഴുത്തു ഞരിച്ച് കൊന്ന
ഈർച്ച മില്ലിന്റെ
കാടു മൂടിയ പണിത്തട്ടിലാണ്
സ്വാതന്ത്ര്യ സമരമെന്ന
ഞങ്ങളുടെ നാടകം

ഇരുമ്പ് തിന്ന ഈർച്ച -
വാളുകൾക്കും
സമാധിയിലായ
യന്ത്രങ്ങൾക്കുമിടയിൽ
ചിതലുകൾ ബാക്കിവച്ച
മരപ്പെട്ടികളിൽ
വാഗണ്‍ട്രാജഡി

ദണ്‍ഡി  യാത്ര നീണ്ടു -
ചെല്ലുന്നിടത്ത്
ഇളകിയാടുന്ന
ശീമകൊന്നകൾ
തോളൊപ്പമുയരുന്ന
തിരമാലകളാവും

സഹന സമരം തുടക്കത്തിലേ
ഉപേക്ഷിച്ച് ,ഒളിപ്പോരിൻ
മാതൃകകൾ
പരീക്ഷിക്കും

2
അന്തിയാകും മുമ്പേ
കസ്തൂർബയേയും  കൂട്ടി
കുഞ്ഞാങ്ങള ജിന്ന -
വയൽ  കടന്നു മാഞ്ഞാൽ
ഞങ്ങൾ
ചീട്ടുകളി  തുടങ്ങും

ഗാന്ധിയുടെ കൈകളിലേക്ക്
നെഹ്‌റു ഒളിഞ്ഞു നോക്കും
പട്ടേലിന്റെ കള്ളക്കളി
ബോസ്   കണ്ടെത്തി
കശപിശയാകും

എന്നും ജയിക്കുന്നവർക്ക് നേരെ
ഓലക്കണ്ണടയിലൂടെ
ഗാന്ധി
ചരിത്രത്തിലില്ലാത്ത
 നോട്ടമെറിയും

കളിയറിയാത്ത
ഗോഡ്സേ മാത്രം
സാരേ ജഹാംസെ എന്നു
നിലാവിലേയ്ക്ക്
 മന:പാഠം ചൊല്ലും

ചരിത്രത്തിൽനിന്ന്
വർത്തമാനത്തിലേക്ക്‌
 നീളുന്ന ഞങ്ങളുടെ
 കളികൾക്ക് മേൽ
ചൂരലുകൾ ഉയർന്നു താഴും
പാരതന്ത്ര്യ ത്തിൻ
അടയാളങ്ങൾ
തുടകൾ തോറും
തിണർത്തു പൊന്തും

മുതിർന്നവരെ
ബ്രിട്ടനാക്കി
പിറ്റേന്നും അതേ നാടകം
അതേ വാഗണ്‍ട്രാജഡി
അതേ ദണ്‍ഡി  യാത്ര....

കൂട്
കേരളത്തിന്റെ പരിസ്ഥിതിക്ക് വേണ്ടി പ്രസിദ്ധീകരിച്ച നല്ലൊരു മാസിക കണ്ടു: കൂട്.
പത്രാധിപർ മുരളീധരൻ വി .

മനോഹരമായ ചിത്രങ്ങളും അച്ചടിയും പഴയ സോവിയറ്റ് ലാൻഡ് മാസികകളെ അനുസ്മരിപ്പിച്ചു. ഈ ലക്കത്തിൽ സി ആർ നീലകണ്ഠൻ, ഡോ.പി.എസ് ഈശ, ഡോ എ അച്യുതൻ, ടി.പി.പത്മനാഭൻ, ഡോ. .വി.എസ്.വിജയൻ, ഡോ.ഉണ്ണികൃഷ്ണൻ പുളിക്കൽ, മോഹൻ തോമസ് , തുടങ്ങിയവർ എഴുതിയിരിക്കുന്നു.  കടൽ കടന്നെത്തുന്ന പക്ഷികൾ, കരടികൾ നേരിടുന്ന പ്രശ്നങ്ങൾ, ലഡാക്കിന്റെ പ്രകൃതി ഭംഗി, പീച്ചിയിലെ ഇലപൊഴിയും കാടുകൾ തുടങ്ങിയ വിഷയങ്ങൾ നല്ലൊരു വായനയ്ക്ക് ഉപകരിക്കും.
വിലാസം: കൊരട്ടി, പി.ഒ. തൃശൂർ- 680308ഫോ:9495504602

ലക്കം ഒന്ന്  ഇവിടെ വായിക്കാം

Sunday, January 19, 2014

aksharajalakam, lakkam 11, page 1/jan 19-26/2014

അക്ഷരജാലകം എല്ലാ ഞായറാഴ്ചയിലും
















You realize that our mistrust of the future makes it hard to give up the past.
Chuck Palahniuk, അമേരിക്കൻ നോവലിസ്റ്റ്




To choose doubt as a philosophy of life is akin to choosing immobility as a means of transportation.
Yann Martel,കനേഡിയൻ നോവലിസ്റ്റ്

 ആം ആദ്മി എഴുത്തുകാരെ പുറത്താക്കി എന്ന വാർത്ത കേൾപ്പിക്കരുത്!

ആം ആദ്മി പാർട്ടിയിലേക്ക് എഴുത്തുകാർ ചേർന്നുകൊണ്ടിരിക്കുകയാണ്.നല്ല കാര്യം. ഒരു നല്ല   പാർട്ടി ഉണ്ടാകണമെന്നും അതിൽ ചേരണമെന്നും ആഗ്രഹിക്കാത്തവർ , ഇക്കാലത്ത് കുറവായിരിക്കും. ആം ആദ്മി എന്തായാലും ഒരു പുതിയ സന്ദേശം നൽകിയിരിക്കയാണ്:ഇന്നത്തെ പാർട്ടികളുടെ ശൈലിയും സമീപനവും അജണ്ടയും മാറേണ്ട സമയമായിരിക്കുന്നു.


ഒരു പാർട്ടി ഇല്ലാത്തതു കൊണ്ടാണ് പ്രവർത്തിക്കാത്തത് എന്നു തൊടുന്യായം പറഞ്ഞവർക്ക് ഇനി മടിച്ചിരിക്കാനാവില്ല. എന്താണ് എഴുത്തുകാരന്റെ രാഷ്ട്രീയം  ?
അയാൾക്ക് പാർട്ടി ഇല്ലാതിരിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുണ്ടോ?
ഒരു രാഷ്ട്രീയ നേതാവിനെ അയാൾക്ക് എവിടെവരെ അംഗീകരിച്ച് മുന്നോട്ടു പോകാൻ കഴിയും?
എഴുത്തുകാരൻ ഏതെങ്കിലും ഘട്ടത്തിൽ അയാളിലെ അനുരഞ്ചനപ്പെടാത്ത മനോനിലയെ കയ്യൊഴിഞ്ഞ് പാർട്ടി വ്യവസ്ഥയ്ക്കകത്ത് താൽക്കാലിക ടെന്റുണ്ടാക്കി , എല്ലാ സമരങ്ങളോടും ഔദ്യോഗികമായി വിടപറയുന്ന നിമിഷം , ഒരു രചയിതാവ് എന്ന നിലയിലുള്ള സ്തംഭനാവസ്ഥയല്ലേ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ സമരങ്ങളും അല്ലെങ്കിൽ കലഹങ്ങളും , ഒരു രസശൂന്യമായ ചതുരംഗക്കളിയായി പരിണമിക്കുന്ന സാഹചര്യം ഉണ്ടാകാം.പോരാട്ടങ്ങൾക്ക്  റിട്ടയർമെന്റ് വേണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ കുറ്റം പറയാൻ പറ്റില്ല! ആം ആദ്മിയിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരുന്ന എഴുത്തുകാരെ വെറുതെ വിമർശിക്കുന്നതിൽ അർത്ഥമില്ല. കാരണം ഇത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ ബ്യൂറോക്രസിയും ആരും ഇനി തങ്ങൾക്ക് വേണ്ടാ എന്ന ധ്വനിയും  വൈകാരികമായി തളർത്തിക്കളയുന്നതാണ്. പാർട്ടികൾ സ്വകാര്യ സംഘങ്ങളാണെന്നും അവ സ്വയം  സമ്പൂർണമാണെന്നും ബുദ്ധിപരമായി അവ എല്ലാതരത്തിലും  തികഞ്ഞ അവസ്ഥയിലാണെന്നും എല്ലാ എഴുത്തുകാർക്കും വിശ്വസിക്കാൻ കഴിയുമോ?
വിചാരപരമായി പൂർണത നേടിയെന്നു തോന്നിയാൽ പിന്നെ മറ്റാരുടെയും ചിന്തകൾ വായിക്കാതിരിക്കാൻ ശ്രമിക്കും.ഇതാണ് അപകടം.



എന്നാൽ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ ചർച്ചക്കാരും മിക്ക എഴുത്തുകാരെയും അരക്ഷിതാവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ് . ഒരു നോവൽ കലാകാരനോ, കഥാകാരനോ സ്വന്തം മാധ്യമത്തിൽ പര്യവേക്ഷണം നടത്താൻ പറ്റാത്തതായ ഒരു സാഹചര്യമാണു ഇവിടെയുള്ളത്. അന്നന്നത്തെ രാഷ്ട്രീയ സംഭവങ്ങളിൽ പ്രതികരിക്കുന്നതിനെ ആശ്രയിച്ച് മാത്രം കൈവരുന്ന ഒരു പ്രശസ്തി  ,ഒരു പ്രതിച്ഛായ എഴുത്തുകാരന്റെ മേൽ വന്നു വീഴുന്നു. നമ്മൾ എഴുതിയിട്ടൊന്നും കാര്യമില്ല, പാർട്ടികൾക്കും അവരുടെ നിലപാടുകൾക്കും ഒപ്പം സർക്കസുകളിക്കാരനെപ്പോലെ പെരുമാറണം.
എഴുത്തുകാർ അവരുടെ കലാമാധ്യമപരമായ പരീക്ഷണങ്ങളിൽ നിന്നു ഇത്രയും അകന്നുപോയ കാലമുണ്ടായിട്ടില്ല. സി.ജെ.തോമസും മറ്റും രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുണ്ട്.എന്നാൽ ഒരു നാടകത്തിന്റെ മികവിനു വേണ്ടതായ അവബോധം ആർജിക്കുന്നതിലും അതു പ്രചരിപ്പിക്കുന്നതിലും സി .ജെ താല്പര്യമെടുത്തുപോന്നു.
ഇന്ന് അങ്ങനെയുള്ള ചിന്ത ഇല്ലാതായിരിക്കുന്നു.
ഒരു പുതിയ കഥ എങ്ങനെ വേണമെന്ന കാര്യം കഥാകൃത്തിന്റെപോലും ചിന്തയിലില്ല.
ഏത് പാർട്ടിയിലാണ് ചേരേണ്ടതെന്ന ആലോചനയിലാണ് പലരും.

ടി.പി.ചന്ദ്രശേഖരന്റെ പാർട്ടിയോട് കേരളത്തിലെ എഴുത്തുകാർക്ക് മമത തോന്നാത്തത് എന്തുകൊണ്ടാണ്?
ആ പാർട്ടിക്ക് അധികാരമോ ദേശീയ പ്രശസ്തിയോ ഇല്ലാത്തതു കൊണ്ടായിരിക്കില്ലല്ലൊ.
ആ പാർട്ടിയുടെ നിലപാടിനു പിന്തുണ അറിയിച്ചു കൊണ്ട് എത്രയോ പേർ ലേഖനമെഴുതി!ഒരു വാരികയിൽ സമീപകാലത്ത് അതായിരുന്നു മുഖ്യവിഷയം.എനിക്ക് തോന്നുന്ന ഭയം ഇതാണ്: നമ്മുടെ എഴുത്തുകാരെ നിസ്സാരകാര്യങ്ങളുടെ പേരിൽ കെജ്രിവാളിന്റെ ആളുകൾ പുറത്താക്കി എന്ന വാർത്ത മാധ്യമങ്ങൾ ആഘോഷിക്കുന്നത് ! അതുണ്ടാകാതിരിക്കട്ടെ.
എത് പ്രസ്ഥാനവും അധികാരത്തിൽ വരുന്നതോടെ  ദുഷിക്കും.സോവിയറ്റ് യൂണിയനിൽ വിപ്ലവത്തിനും അതിനു ശേഷം ഉണ്ടായ ഭരണകൂടത്തിനും സാധാരണ തൊഴിലാളികളുടെ സഹകരണം ഉണ്ടായിരുന്നല്ലൊ. പാർട്ടിയിൽ ചേരുന്നതായിരുന്നു അന്ന് വിപ്ലവം. ഇന്നു ആ പാർട്ടിയിൽ ചേരുന്നത് ഒരു വിപ്ലവമാണെന്ന് ആരും പറയില്ല.

 പാർട്ടികൾക്കു എന്തുകൊണ്ട് പച്ചക്കറി , ആശുപത്രി, ഹോട്ടൽ, മെഡിക്കൽ രംഗത്ത് സേവനം ചെയ്തുകൂടാ.

പാർട്ടികൾ സമരത്തിനു പോയിട്ട് ഒരു കാര്യവുമില്ല. കാരണം ഏത് സർക്കാരിനും അധികാരത്തിന്റെ ഗർവ്വുണ്ടായിരിക്കും.
സമരത്തെ അവർ അടിച്ചൊതുക്കും, അല്ലെങ്കിൽ ഗൗനിക്കാതെ തള്ളിക്കളയും.



മാത്രമല്ല്, കുട്ടികളെ അതിരാവിലെ സ്കൂളിൽ അയയ്ക്കേണ്ട, ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ട, രക്ഷിതാക്കൾ എങ്ങനെ സമരപ്പന്തലിൽ പോയിരിക്കും?


അതുകൊണ്ട് പാർട്ടികൾ, ഇടതാകട്ടെ, വലതാകട്ടെ പച്ചക്കറി തോട്ടങ്ങൾ വച്ചു പിടിപ്പിക്കണം, എല്ലാ ജില്ലകളിലും മൂന്നു വീതം കേന്ദ്രങ്ങളിൽ.കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് വിൽക്കാൻ കഴിയും. പാർട്ടി ഔട്ട്ലെറ്റുകളും വേണം.
സർക്കാർ സബ്സിഡിയോടെ  കുറഞ്ഞ വിലയ്ക്ക് അരി വാങ്ങി പാർട്ടികൾ ഹോട്ടൽ തുടങ്ങണം. ഒരൂണിനു പതിനഞ്ച് രൂപയിൽ കൂടരുത്. നെൽപ്പാടങ്ങൾ പാർട്ടി നേരിട്ട് നോക്കി നടത്തണം.ഒരു ചായയ്ക്കും വടയ്ക്കും ദോശയ്ക്കും ന്യായമായ വില ഈടാക്കാൻ പാർട്ടി നിർബന്ധിതമാവും. സാധാരണക്കാർക്കു ഗുണകരമാവും.
മെഡിക്കൽ സ്ടോർ തുടങ്ങിയാൽ രോഗികൾക്ക് എന്തു സഹായകരമാവും. !പാർട്ടികൾക്കു ആളും അർത്ഥവും ഉള്ളതുകൊണ്ട് എന്തു വിചാരിച്ചാലും  നടക്കും. മാത്രമല്ല, കൂടുതൽ പേർക്കു തൊഴിലും കിട്ടും. കുത്തക കോർപ്പറേറ്റ് ഭീമന്മാരെ നിയന്ത്രിക്കാനും കഴിയും.
ഇനി ഇങ്ങനെയൊക്കെയേ രാഷ്ട്രീയ പ്രവർത്തകർക്ക് നിൽക്കാൻ കഴിയൂ. കാരണം വികസനത്തിനു നേതാക്കന്മാർ വേണമെന്നില്ല. അതു സാങ്കേതിക ,ധനവിപ്ലവത്തിന്റെ അനിവാര്യഫലം മാത്രമാണ്. സ്വാതന്ത്ര്യം കിട്ടി അറുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിലെ എറ്റവും വലിയ നഗരമായ കൊച്ചിയിൽ ഒരു പൊതു ടോയ്ലെറ്റ് ഇല്ലായിരുന്നു.
എന്നാൽ ഒന്നിനു പിറകെ ഒന്നായി മാളുകൾ വന്നതോടെ ടൊയ്ലറ്റുകൾ എ.സി  സൗകര്യത്തോടെ യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഒരു ഫീസും കൊടുക്കാതെ ,മാളുകളിൽ എത്തുന്ന ആർക്കും നല്ല വൃത്തിയുള്ള ടോയ്ലറ്റ് ഉപയോഗിക്കാം. ഇതു രാഷ്ട്രീയക്കാരുടെ സംഭാവനയല്ല. കാലം കൊണ്ടുവരുന്ന സൗജന്യമാണ്. പാർട്ടി  നേതാക്കൾ ഇതു മനസ്സിലാക്കി പുതിയ ജനപക്ഷ മേഖലകൾ കണ്ടെത്തണം. അല്ലെങ്കിൽ ജനം തിരസ്കരിക്കും.
കെജ്രിവാളിനേക്കാൾ വലിയ നേതാക്കൾ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളു.കാലമാണ് അത് സൃഷ്ടിക്കുന്നത്.


ആത്മശരീരങ്ങൾ
ആത്മാക്കൾക്ക് വേർപെടാൻ എന്തിരിക്കുന്നു!.ശരീരങ്ങൾക്കോ?ഒരിക്കലും ഒന്നാകേണ്ടി വന്നിട്ടുമില്ല.

 കേശവദേവ് 'എതിർപ്പ്' എന്ന ആത്മകഥയിൽ  എഴുതുന്നു:



റഷ്യൻ വിപ്ലവത്തെപ്പറ്റി കേശവൻ ആദ്യമായി വായിച്ച പുസ്തകം , ജോൺ റീഡിന്റെ ടെൻ ഡേയ്സ് താറ്റ് ഷൂക്ക് ദ് വേൾഡ് ( ലോകത്തെ വിറകൊള്ളിച്ച പത്തുദിവസങ്ങൾ) എന്ന പുസ്തകമാണ്.ലെനിന്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ച ആ പുസ്തകം , റഷ്യൻ വിപ്ലവത്തെപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ പ്രസിദ്ധീകരണവുമാണ്.ആ പുസ്തകത്തിൽ ജോൺ റീഡ്  പറയുന്നു, '' ലെനിൻ വിപ്ലവത്തിന്റെ തലയാണ്;ഗോർക്കി വിപ്ലത്തിന്റെ പേനയാണ്''എന്ന്. മാത്രമല്ല,വിപ്ലവം നടത്തിയ ചെമ്പടയുടെയുടെ സംഘാടകനും ട്രോട്സ്കിയാണെന്ന് ജോൺ റീഡ് ഊന്നിപ്പറഞ്ഞിട്ടുണ്ട്.അങ്ങനെ വിപ്ലവത്തിന്റെ നാവും, വിപ്ലവസൈന്യത്തിന്റെ സംഘാടകനുമായ  ട്രോട്സ്കിയെഎന്തിനു നാടുകടത്തി?

സൗന്ദര്യം

സൗന്ദര്യം ഉണ്ടാകുന്നത് ആകാശത്ത് നിന്നീ, ഭൂമിക്ക് വെളിയിൽനിന്നോ അല്ല, മനുഷ്യന്റെ അസാധാരണവും തലതിരിഞ്ഞതും ഭീഭൽസവുമായ അവസ്ഥയ്കളിൽ നിന്നാണ്
കവിത
ഒരു ഛന്ദസ്സ് കവിത എഴുതുമ്പോൾ ജീവിതത്തിന്റെ ഏറ്റവും വിരക്തവും അന്ധാളിപ്പിക്കുന്നതും തല കുമ്പിട്ടു നിൽക്കുന്നതുമായ മാനവികാനുഭവങ്ങൾ പരിഹസിക്കപ്പെടാതെ നോക്കണം.കാമുകനാൽ വഞ്ചിക്കപ്പെട്ട പെണ്ണ് കവിത എഴുതുമ്പോൾ വഞ്ചിപ്പാട്ട് വേണോ?
രതി
അത് നമ്മുടെ തന്നെ ഹതാശമായ മാനവികാനുഭവങ്ങളുടെ പൊള്ളയായ അകവശം , എറ്റവും നഗ്നമായി, ഒരു പക്ഷേ അസ്ഥികൂടസദൃശമായി പ്രകടമാകുന്നതിനുള്ള ഗൂഢമായ യത്നമാണ്.

സച്ചിദാനന്ദന്റെ 'എന്നെ തിന്നൂ'

 

സച്ചിദാനന്ദന്റെ 'തഥാഗതം' എന്ന സമാഹാരത്തിൽ 'എന്നെ തിന്നൂ'എന്നൊരു കവിതയുണ്ട്.
അതിലെ ചില വരികൾ ഉദ്ധരിക്കുകയാണ്.
''കരൾ, കുടൽ ,വൃക്ക: ഒന്നും വിടേണ്ട.
അവയിലൂടെ കടന്നുപോയ ദുഃഖങ്ങൾ
അവയെല്ലാം കഴുകി ശുദ്ധമാക്കിയിരിക്കുന്നു.
ഗ്രന്ഥികൾ പൊള്ളുന്നെങ്കിൽ
കാര്യമാക്കേണ്ടാ,അവ വേവുകയായിരുന്നു,
ആഗ്രഹങ്ങളുടെ അഗ്നിയിൽ.
പിന്നെ ആ പുരുഷന്റെ അടയാളങ്ങൾ
അവയുടെ ഔദ്ധത്യം എപ്പോഴേ ശമിച്ചു.
ഇപ്പോഴവയ്ക്ക് ചാമ്പപ്പൂക്കളുടെ രസവും രുചിയും.
സുഷുമ്ന വിട്ടുകളയരുതേ.
സ്വപ്നങ്ങൾ നടന്നു നടന്നു അത്
ലോലമായിരിക്കുന്നു.

ഒരുമയുടെ മുഖചിത്രവും പത്തു പുസ്തകങ്ങളും

 













പുതിയ വർഷത്തിന്റെ വരവറിയിച്ചുകൊണ്ട് ഒരുമ മാസിക(orumamonthly@gmail.com,9496259473) തയ്യാറാക്കിയ മുഖചിത്രം പുതുമ നിറഞ്ഞതായി.
ബലിഷ്ടമായ ഒരു ഭൂതകാലത്തിൽ സാർപ്പികമായ ചലനാത്മകവീര്യത്തോടെ നവപ്പുലരി വരുകയാണ്. അത് ധീരമാണ്. ആരു വിചാരിച്ചാലും വ്യതിചലിപ്പിക്കാനാവാത്ത ദാർഢ്യം അതിനുണ്ട്.അതിന്റെ സന്ദേശം പരിഷ്കൃതമായ മാനവികതയുടെ നിർമമതയും ലക്ഷ്യബോധവും പ്രകടിപ്പിക്കുന്നു.

എന്നാൽ മറ്റൊരു സുപ്രധാന കാര്യവും ഒരുമ ചെയ്തു. പത്രാധിപർ സുധാകരൻ ചന്തവിള , അത്യസാധാരണമെന്നു പറയെട്ടെ , നവകാലത്തെ സ്വാഗതം ചെയ്തുകൊണ്ട് എഴുതിയ എഡിറ്റോറിയലിൽ പോയ വർഷത്തെ മികച്ച പത്തു പുസ്തകങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.എഡിറ്റർമാർ നേരിട്ട് ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നത് പതിവില്ല. ഇത് ഒരു നല്ല തുടക്കമായി കണക്കാക്കാം. പത്രാധിപർ ഇക്കാലത്ത് പുസ്തകങ്ങളെ സ്നേഹിക്കേണ്ടവനാണെന്നും എന്നാൽ ഒരു ക്ലിക്കിലും പെടാതെ നോക്കണമെന്നും ഉള്ള ഒരു ധ്വനി അതിലുണ്ട്.ഞാൻ ഒരുമയുടെ  ലിസ്റ്റ് അതേപടി ഇവിടെ അവതരിപ്പിക്കുന്നു.
1) എം.കെ.ഹരികുമാറിന്റെ സാഹിത്യത്തിന്റെ നവാദ്വൈതം(ദർശനം) -ഗ്രീൻ ബുക്സ്
2)ഇ.പി.ശ്രീകുമാറിന്റെ മാംസപ്പോര്(നോവൽ)-ഡി.സി.ബുകസ്
3)നിസ്സാമുദ്ദീൻ റാവുത്തരുടെ അറേബ്യയിലെ അടിമ(നോവൽ)-ഗ്രീൻ ബുക്സ്
4)എ.ജെ.മുഹമ്മദ് ഷഫീറിന്റെ കീമിയ(നോവൽ)-ഡി.സി.ബുക്സ്
5)നീല പത്മനാഭന്റെ സമർ അനുഭവങ്ങൾ യാത്ര(നോവല്ലകൾ)-പ്രിയത ബുക്സ്
6)എം.പി.വീരേന്ദ്രകുമാറിന്റെ ഡാന്യൂബ് സാക്ഷി(യാത്ര)- മാതൃഭൂമി ബുക്സ്
7)പി.ജി: സാഹിത്യം, സംസ്കാരം,  ദർശനം(ലേഖനങ്ങൾ)-ചിന്ത പബ്ലിഷേഴ്സ്
8)സച്ചിദാനന്ദന്റെ തഥാഗതം(കവിത)- മാതൃഭൂമി ബുക്സ്
9)ബി മുരളിയുടെ 100 കഥകൾ(കഥകൾ)-ഡി.സി.ബുക്സ്
10)മനോരാജിന്റെ ജീവിതത്തിന്റെ ബാൻഡ് വിഡ്തിൽ ഒരു കാക്ക(കഥകൾ)-കൃതി ബുക്സ്

സഹീറാ തങ്ങളുടെ കഥകൾ

കവിയും കഥാകാരിയും നോവലിസ്റ്റുമായ സഹീറാ തങ്ങളുടെ കഥാസമാഹാരമാണ് 'പ്രാചീനമായ ഒരു താക്കോൽ'(ഒലിവ്).

 

സഹീറ ദീർഘകാലം ദുബായിയിൽ അഡ്വർടൈസിംഗ് രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ സഹീറയുടെ കഥകളിൽ നിറയുന്നത് ഈ  കൊച്ചു മലയാളക്കരയിലെ അശരണരായ മനുഷ്യരാണ്.വരണ്ട ജീവിതങ്ങളോട് ഒരു പ്രതിപത്തി ഈ കഥകളിൽ തിടം വച്ചു വരുന്നതു കാണാം.അരികുകളിലെക്ക് ഒരിറ്റു ജലവുമായി പോകാനുള്ള മനസ്സാണ് കഥാകൃത്തുക്കൾക്ക് വേണ്ടത്. സഹീറയുടെ എല്ലാ കഥകളും നഗ്നമായ ജീവിതത്തോട് സത്യസന്ധത പ്രഖ്യാപിക്കുന്നതാണ്. പട്ടിപിടുത്തക്കാരൻ എന്ന കഥ ഇതു വ്യക്തമാക്കും.

സുന്ദരിയായ പട്ടിയെയും  അവളുടെ ലോകത്തെയും  മനസ്സിലാക്കാൻ  എഴുത്തുകാരിക്കു കഴിഞ്ഞു.വിഷം നിറച്ച ഭക്ഷണം കൊടുത്ത് അവളെയും അവളുടെ ആറുമക്കളെയും കൊന്നത് മനുഷ്യത്വത്തെ എങ്ങനെ ചെറുതാക്കിയെന്ന് ഇവിടെ കുറച്ചു വാക്കുകളിൽ പകർന്നു തരുന്നു.
ഇതുപോലെയാണ്, പ്രാചീനമായ ഒരു താക്കോൽ, സ്ത്രീയേ നീ വീഴിന്നിടം, കുമ്പസാരം, കല്ലുവമ്മ, ഇദ്ദ തുടങ്ങിയ കഥകളിലും ആവിഷ്കൃതമാവുന്ന വികാരം. ജീവിതത്തെ വിമലീകരിക്കാൻ കഴിയുമെങ്കിൽ അത് സാഹിത്യത്തിന്റെ വലിയൊരു നേട്ടമായിരിക്കും. സഹീറയുടെ കഥകൾക്ക്  ആ ഗുണവുമുണ്ട്.
ഒരുക്കു്
ഒഴുകിക്കൊണ്ടിരിക്കെ മരിക്കേണ്ടിവരുമ്പോഴും വെള്ളം സ്വയം നിരസിക്കുന്നു


 ഒലിവേറിയ ഹിരോന്ദോ

അർജന്റൈൻ കവി ഒലിവേറിയ ഹിരോന്ദോ(Oliverio Girondo)യുടെ കവിതകൾ പരീക്ഷണാത്മകമാകാൻ കാരണം അദ്ദേഹത്തിന്റെ യൂറോപ്യൻ ബന്ധമാണ്. പാരീസിലും ഇംഗ്ലണ്ടിലും താമസിച്ചതുകൊണ്ട് നഗരജീവിതത്തിന്റെ ഭയാശങ്കകളാണ്   ഈ കവിയെ പിടികൂടിയത്. നഗരങ്ങൾ നൽകിയ മായികവും വിഭ്രാമകവുമായ ചിത്താവസ്ഥകൾ കവിയെന്ന നിലയിൽ കൂടുതൽ ജാഗരൂകനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.സ്കെയർക്രോ ആൻഡ് അതർ അനോമലീസ് എന്ന സമാഹാരം അർജന്റൈൻ യുവതയെ ആവേശം കൊള്ളിച്ചു.
നാഗരികതയും മനോവ്യഥകളും ഇടകലരുന്ന, ഹിരോന്ദോയുടെ 'ജോയിൻ യുവർ  ഹാൻഡ്സ്' എന്ന കവിത ഇങ്ങനെ നീങ്ങുന്നു:
JOIN YOUR HANDS   The people say:
Dust
Celestial
Sepulchral,
and are left calm,
mollified,
satisfied.
But listen to this cricket,
that wisp of night,
of a lunatic existence.
No is the time for it to sing.
Now
and not tomorrow.
Right now.
Here.
At our side…
as if there were nowhere else it could.
Do you understand?
Me neither.
I don’t understand a thing.
It’s not just your hands that are pure miracle.
A misstep,
a lost thought,
and you might have been a fly,
lettuce,
a crocodile.
And then…
that star.
Don’t ask.
Mystery!
The silence.
Your hair.
And the passion,
the acquiescence
of the whole universe,
it took to make your pores
that nettle,
that rock.
Join your hands.
Amputate your braids.
                                  In the meantime I’ll turn three somersaults.* * *

ഓസ്കാർ വൈൽഡ് സെക്സിനെക്കുറിച്ച്


ലോകത്തിലുള്ളതെല്ലാം സെക്സിനെ കേന്ദ്രീകരിച്ചിരിക്കുന്നു; സെക്സ് ഒഴിച്ച്.
സെക്സിലുള്ളത് അധികാരമാണ്.

AKSHARAJALAKAM/LAKKAM11, PAGE 2/2014

അക്ഷരജാലകം എല്ലാ ഞായറാഴ്ചയും


 
 
 
 
 
 
 If I do not write to empty my mind, I go mad.
Lord Byron,ഇംഗ്ലിഷ് കവി











Don't walk behind me; I may not lead. Don't walk in front of me; I may not follow. Just walk beside me and be my friend.

Albert Camus, ഫ്രഞ്ച് എഴുത്തുകാരൻ

 ഓർമ്മയെഴുത്തുകാരുടെ ഉപരിപ്ലവ വീക്ഷണം


ഓർമ്മകളെ പൂർണമായി വിശ്വസിക്കാൻ കഴിയില്ല.
കാരണം തെറ്റായ ഓർമ്മകൾ എപ്പോഴും നിലനിൽകുന്നു.
ഒരു മനുഷ്യവ്യക്തിയെ അറിയാൻ അയാളുടെ ഓർമ്മകളെ കണ്ടെത്തണം. എന്നാൽ ഇത് ആ വ്യക്തിക്കു മാത്രമേ കണ്ടെത്താൻ കഴിയൂ.അയാൾക്കുപോലും കഴിയണമെന്നില്ല. സംവൽസരങ്ങൾക്കു മുൻപു നടന്ന ഒരു സംഭവത്തെ പലരീതിയിൽ ഓർമ്മിക്കാം. ഒരാൾക്കു തന്നെ പലസമയത്ത് അതിനേപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്.ഭാവിയെപ്പോലെ  തന്നെ അത് എവിടെയോ നിലനിൽക്കുന്നു, അവ്യക്തമായി.
പല രീതിയിൽ അപഗ്രഥിച്ചും അപനിർമ്മിച്ചുമാണ് ഒരുവൻ അവന്റെ ഓർമ്മകളെ അനുധാവനം ചെയ്തു പിടികൂടേണ്ടത്.
എന്നാൽ ചില എഴുത്തുകാർ പറയുന്നു, എല്ലാ ഓർമ്മകളും അവരുടെ കയ്യിൽ ഫോട്ടോ ഫിനീഷ് പോലെ ഭദ്രമാണെന്ന്. ഇത് വളരെ തെറ്റായ നിലപാടാണ്.കാലഹരണപ്പെട്ട കാഴ്ചപ്പാട്. അസ്തിത്വത്തെപ്പറ്റിയുള്ള ക്ലാസിക്കൽ അഭിവീക്ഷണമാണിത്.
ഇസയ്യാ ബെർലിൻ, ദസ്തയെവ്സ്കി, കാഫ്ക

റഷ്യൻ- ബ്രിട്ടീഷ് ചിന്തകനായ ഇസയ്യാ ബെർലിൻ ലോക നോവലിസ്റ്റ് ദസ്ത്യെവ്സ്കിയെ ഇങ്ങനെ വിലയിരുത്തുന്നു:
ദസ്തയെവ്സ്കി മഹാ ജീനിയസ്സാണ്. എന്നാൽ അദ്ദേഹത്തിന്റെ ചിന്തയിൽ അല്പം പോലും ദീനാനുകമ്പയില്ല;അത് വളരെ മതപരമാണ്.ഞാൻ അദ്ദേഹത്തെ വായിക്കുന്നതോടെ എന്റെ സകല ആത്മധൈര്യവും ചോർന്നുപോകും.പെട്ടെന്ന് നമ്മൾ ഒരു പേടിസ്വപ്നത്തിൽ അകപ്പെട്ടതുപോലെ വിറയ്ക്കും;വിടാത്ത ആധിയിൽ അമരും;പാപപങ്കിലമായ ഒരു ലോകം ഉണർന്നു വരും, എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നു തോന്നും.
അതുകൊണ്ട്,
ദസ്തയെവ്സ്കിയെപ്പറ്റി എഴുതണമെന്ന് എനിക്കു തോന്നിയിട്ടില്ല.
ദസ്തയെവ്സ്കി

എന്നാൽ ജർമ്മൽ എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ കാര്യം മറ്റൊന്നാണ്. നിറയെ അനുതാപമാണ് ആ രചനകളിലുള്ളത്.
അദ്ദേഹം യാഥാർത്ഥ്യവാദിയാണ്.വസ്തുക്കൾ അവിടെ സ്വാഭാവികമായി കാണപ്പെടുന്നു.ദസ്തയെവ്സ്കി ഒരു മാഗ്നിഫൈയിംഗ് ഗ്ലാസ് പോലെയാണ്. വസ്തുക്കളെ നേരായി കാണിക്കില്ല;രൂപമാറ്റം വരുത്തും.ക്രൂരമായ ഒരു പ്രതിഭാവിശേഷം ദസ്തയെവ്സ്കിയിലുണ്ട്.
കാഫ്ക

ചെന്നായ്ക്കളുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് ആട്ടിൻ കുട്ടിയുടെ മരണമാണ് അർത്ഥമാക്കുന്നത്.
ഇസയ്യ ബെർലിൻ
ഒരു പക്ഷിയെത്തേടുന്ന കൂടാണ് ഞാൻ
ഫ്രാൻസ് കാഫ്ക
സത്യം പറയുന്നതിനേക്കാൾ കാഠിന്യമെറിയ യാതൊന്നും ഈ ലോകത്തില്ല.
ദസ്തയെവ്സ്കി

രാംമോഹൻ   പാലിയത്തിന്റെ സമകാലീന പോസ്റ്റുകൾ

ഈ കാലത്ത് ,വിവിധ ധാരകളോടെ ചിന്തയെ വികസിപ്പിച്ച അപൂർവ്വം ബ്ലോഗർമാരിൽ ഒരാളാണ്  രാംമോഹൻ പാലിയത്ത്. ഒരു ക്ലാസിസിസ്റ്റ് ആകാതിരിക്കാൻ പാലിയത്ത് ശ്രമിച്ചിട്ടുണ്ട്. 
മാമൂലുകൾ പൂത്തുലയുന്ന ഇന്നത്തെ കലാവ്യവഹാര ലോകത്ത് ഒന്നിന്റെയും വാലാകാതെ , സ്വാതത്ര്യത്തിന്റെ ആകാശം നിവർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.'ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?' എന്ന ലേഖനത്തിലെ ഒരു നിരീക്ഷണം നോക്കൂ:ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അയാളുടെ പേരു തന്നെയാണെന്ന് ആധുനിക പരസ്യ വ്യവസായത്തിന്റെ പരിഞ്ഞപ്പൻ ഡേവിഡ് ഒഗിൽവി എഴുതിയിരിക്കുന്നു. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും അത് ശരിയാണെന്നു തോന്നാറുണ്ട് (ചില ഭാര്യാഭർത്തക്കന്മാർ ആങ്ങള-പെങ്ങളമാരെപ്പോലിരിക്കുന്നത് കണ്ടിട്ടില്ലേ? കണ്ണാടിയിൽ കണ്ടു കണ്ട് സ്വന്തം രൂപത്തെ സ്‌നേഹിച്ച്, ഒടുക്കം പെണ്ണുകാണാൻ പോകുമ്പോഴും അവനവന്റെ ഛായയിലുള്ളവരെ തെരഞ്ഞെടുക്കുന്നതാണ്. ആത്മരതിക്ക് മരുന്നില്ല, വാട്ടുഡു!).പേരും സ്‌നേഹവും തമ്മിൽ ബന്ധമുണ്ടെന്നു  തെളിയിക്കാൻ മാത്രമാണ് ഇത്രയും ബദ്ധപ്പെട്ടത്. പേരിനേയും കൂടിയാണ് സ്‌നേഹിക്കുന്നത്. അല്ലെങ്കിൽ സ്‌നേഹിക്കുന്ന വസ്തുക്കൾക്കെല്ലാം പേരിട്ടേ മതിയാകൂ.
 അതാണ് സ്‌നേഹിക്കുന്നവരുടെ ഓരോ മുടിയിഴകൾക്കും ഓരോരോ പേരിട്ട് നമ്മൾ പ്രാവുകളെപ്പോലെ കുറുകുന്നത്. പേരിടുമ്പോൾ നമ്മൾ ആ വസ്തുവിന് അതിന്റേതായ ഒരു വ്യക്തിത്വം സമ്മാനിക്കുന്നു. അവഗണന അവസാനിപ്പിച്ച് നമ്മൾ ആ വസ്തുവിനെ പരിഗണിക്കാൻ നിർബന്ധിതരാവുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പേരില്ലെന്നു കരുതിയിരുന്ന പല സാധനങ്ങൾക്കും പേരുണ്ടാകുമെന്ന് ഉറപ്പിച്ച് വിചാരിച്ചിരുന്നത്. യാദൃശ്ചികമായി അത്തരം ചില സാധനങ്ങളുടെ പേരുകൾ മുമ്പിൽ വന്നു പെടുമ്പോൾ മനസ്സ് ആഹ്ലാദം തുള്ളുന്നത്.

മലയാളത്തിന്റെ ദേശീയ കറി റോസ്മേരി പറയുന്നതുപോലെ മീൻ പൊള്ളിച്ചതൊന്നുമല്ല; ചക്കക്കുരുവും മാങ്ങയുമാണെന്ന്  ഞാൻ പറയും. ഒരു നൂറ്റാണ്ടെങ്കിലും പാവപ്പെട്ട മലയാളികൾ താലോചിച്ച കറിയാണിത്. പാലിയത്ത് എഴുതിയ പോസ്റ്റിലും ഇതിനു സമാനമായ ഒരു ചിന്ത കാണുന്നു. അതിൽ പോയ കാലത്തെക്കുറിച്ചുള്ള നിരാശയും തെളിയുന്നു:
പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.

വെള്ളം
വെള്ളം സ്വന്തം പുരാവൃത്തത്തെയും സഞ്ചാരത്തെയും ഭാവിയെയും തള്ളിക്കളയുന്നു.

വി.ബി ജ്യോതിരാജും രാഷ്ട്രീയവും

കഥാകൃത്ത് വി .ബി ജ്യോതിരാജ്  ഫേസ് ബുക്കിൽ എഴുതിയത് ഇവിടെ ഉദ്ധരിക്കുകയാണ്:  ''രാഷ്ട്രീയം മനസ്സിലാക്കുക എന്നാൽ ജീവിതം മനസ്സിലാക്കുക എന്നാണ്. ഇന്ന് രാഷ്ട്രീയം മാറ്റി നിർത്തികൊണ്ട്‌ ജീവിതത്തെ കാണുവാൻ സാധ്യമല്ല. കാരണം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സാമൂഹ്യമായി നോക്കി കാണുന്ന, സർവ്വ സ്പർശിയായ സാമൂഹ്യ സംവിധാനമാണ് രാഷ്ട്രീയം. ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഇണക്കിയും പിരിച്ചും അതായത് ഊടും പാവും പോലെയാണ് രാഷ്ട്രീയം. ഇണപിരിക്കാനാവാത്ത വിധം എന്നർത്ഥം.

രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നില്ക്കുക എന്നതിനർത്ഥം ഒരുവൻ തന്റെ സാമൂഹ്യമായ കർത്തവ്യങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നതിൽ കവിഞ്ഞൊന്നുമില്ല. ഇനി അഥവാ മാറി നിന്നാലും അയാൾ ജീവിക്കുന്നത് മറ്റുള്ളവരുടെ രാഷ്ട്രീയത്തിൽ ആണ്. മാത്രവുമല്ല മറ്റുള്ളവരുടെ വികല സങ്കല്പങ്ങളെ അറിഞ്ഞോ അറിയാതെയോ കൂട്ട് നിൽക്കുകയായിരിക്കും ഫലം. ശാസ്ത്രീയമായി കാര്യകാരണ ബന്ധങ്ങളെ കണ്ടെത്തുവാൻ കഴിവുള്ള വിധം തന്റെ അറിവിനെയും വീക്ഷണത്തെയും ഉയർന്ന തലത്തിലേക്ക് എത്തിക്കുവാൻ സാധിക്കാത്തവർ ഒരു തരത്തിൽ പറഞ്ഞാൽ സമൂഹത്തിനു തന്നെയും തന്റെ ജീവിതത്തെ തന്നെയും ദ്രോഹിക്കുന്നവരാണ്. ചുറ്റും എന്ത് നടന്നാലും തനിക്കൊന്നുമില്ലെന്നു മൂഡന്മാരുടെ സ്വപ്ന ലോകത്തിൽ ജീവിക്കുന്ന സ്വാർത്ഥ ജീവിതത്തിനു ഉടമയായവർ.''

ജ്യോതിരാജ് പറയുന്നതിൽ കുറെ കാര്യമുണ്ട്.എന്നാൽ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ മൂന്നാം ലോക രാജ്യങ്ങൾ  വെറുതെ ഇരയാക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്.ഗ്ലോബൽ ഫണ്ട് ആരു കൈകാര്യം ചെയ്യുന്നുവോ അവരാണ് ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.ഇന്നു മൂല്യങ്ങൾ ഇല്ലാതാവുകയും പണത്തിനു മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം കൈവരുകയും ചെയ്തു.
നിഷ്കാമികളായി ആരും തന്നെയില്ല. എഴുത്തുകാരനാവാനും പ്രശസ്തനാവാനും പണം വേണമെന്നായിരിക്കുന്നു.പണമില്ലാതായാൽ  യാത്ര ചെയ്യാനോ വായിക്കാനോ, ഒന്നും കഴിയില്ല. ഇന്ത്യ കാണണമെങ്കിൽ പണം വേണ്ടേ?

ഇന്ത്യ കാണാൻ   പറ്റാതെപോയത്  പണമില്ലാത്തതുകൊണ്ടാണെന്ന്  ഒ വി വിജയൻ എന്നോട് പറഞ്ഞിട്ടുണ്ട്. എതാണ്ട് അതേ അവസ്ഥ ഞാനും നേരിടുന്നു.രോഗിയാവാൻ , സൗഹൃദം കൂടാൻ, വീട്ടിൽ താമസിക്കാൻ , പ്രണയിക്കാൻ, പണം വേണം.പണത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ഇതിന്റെ ഫലമായാണ് കൊച്ചുകുട്ടികൾ പോലും മാതാപിതാക്കളുടെ ക്രൂരതയ്ക്കിരയായി കൊലചെയ്യപ്പെടുന്നത്.ആർക്കും രക്ഷയില്ല.
വൃദ്ധജനങ്ങളെ എവിടെയും ഉപേക്ഷിച്ചുകളയും.

അക്ഷരജാലകം

 

യാത്രികനും പരിസ്ഥിതിവാദിയും ബിസിനസ്സ് എഡിറ്ററുമായ കെ.ടി .വിനയചന്ദ്രൻ അക്ഷരജാലകത്തെക്കുറിച്ച് ഇങ്ങനെ എഴുതി അറിയിച്ചു.
Dear MK,


My inability to understand many points of your column shows my ignorance on literature.While I feel jealousy on your talent I pity myself on my illeteracy.
G.Sankara Kurup on Balamani Amma's poems, Vladmir Nobokov's comments on contemporary writers,comments on Cervantes.
Tolstoy's view on love, Anais Nin on Friendship, Mario Llosa on Writer's duty, William Faulkner on Dreams, William Gibson on Future, Issac Singer on Vegetarianism, Hermann Hesse's words on Words, Gorky on drunker writers,Oscar Wilde on Sunset...Kafka on Nihilist thoughts,Orhan Pamuk on Tree and its meanings,Tom Bissell on Writers, Umberto Eco on Beauty

Dear MK,. ha, I feel poor very poor and ignorance is a curse
.Next birth,if it happens,I dream of becoming a novelist,writer,poet.
Will dreams come true?

Thank you for your column.without understanding many of it,am enjoying it to a certain extend.




ശരീരം അശ്ലീലമോ?
ദിവ്യ ദിവാകർ മലയാളിവിഷൻ  വെബ്സൈറ്റിൽ എഴുതിയ ലേഖനം 'എന്താണ് പെൺശരീരത്തിലൊളിച്ചുവച്ചിട്ടുള്ളത്?' എന്ന ലേഖനം നമ്മെ അന്ധവിശ്വാസത്തിന്റെ മൂടൽമഞ്ഞിൽ നിന്ന് മോചിപ്പിക്കും. ഒന്നും ഒളിപ്പിച്ചു വയ്ക്കാത്തതുകൊണ്ട് ആരെങ്കിലും കണ്ടാലോ എന്ന് ചിന്തിച്ച്  ഭ്രാന്ത് പിടിക്കേണ്ട ആവശ്യം ഇല്ല .സ്വന്തം ശരീരം മറ്റുള്ളവർ കാണുന്നതിനെക്കുറിച്ച് ആലോചിച്ചു തലപുണ്ണാക്കാതിരിക്കാനാണ് പെൺകുട്ടികൾ പഠിക്കേണ്ടതെന്ന് ദിവ്യ വാദിക്കുന്നു.

ഓണപ്പതിപ്പും ഫാ എസ് കാപ്പനും

 നമ്മുടെ ഓണപ്പതിപ്പുകളിൽ കാര്യമായ സർഗ്ഗാത്മക പര്യവേക്ഷണങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നു വർഷങ്ങൾക്കു മുൻപ്, പ്രസിദ്ധ വിമോചന ദൈവശാസ്ത്രജ്ഞനും എഴുത്തുകരനുമായ ഫാ. എസ് .കാപ്പൻ അദ്ദേഹത്തിന്റെ ചാക്കയിലുണ്ടായിരുന്ന (തിരുവന്തപുരം) വസതിയിൽ വച്ച് പറഞ്ഞതോർക്കുന്നു.എതാണ്ട് അതുപോലൊന്ന് ഇപ്പോൾ ഞാൻ കേൾക്കുന്നത് പ്രമദം മാസികയുടെ കോളമിസ്റ്റ് ഡോ. സാജൻ പാലമറ്റത്തിൽ നിന്നാണ്(സാഹിത്യ നിരൂപണം, പ്രമദം, ജനുവരി).
സാജൻ എഴുതുന്നു:ഓണക്കാലം സാഹിത്യത്തിനുവേണ്ടി  എന്തു ചെയ്യുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ?എനിക്കു തോന്നുന്നു, ഓണപ്പതിപ്പുകൾ സാഹിത്യത്തിന്റെ നിലയെ അപകടപ്പെടുത്തുന്നു.എഴുതുവാൻ വേണ്ടി മാത്രം എഴുതുന്ന കഥകളും കവിതകളും ലേഖനങ്ങളും കുത്തിനിറച്ച് ഇറങ്ങുന്ന
ഓണപ്പതിപ്പുകൾ നമുക്കു  ഒരു ബാധ്യതയായി തീരുന്നുണ്ട്.
പറവ
പറവകൾ ബഹുമുഖമാണ്.പ്രകൃതിയുടെ പച്ചയ്ക്കു കുറുകെ അവ അജ്ഞേയവും അഭൗമവുമായ അർത്ഥങ്ങളുടെ വരകൾ വരയ്ക്കുകയാണ്.

ഫോമ
മുംബൈ ഫോമ പ്രസിഡന്റ് യു എൻ ഗോപി നായർ ഫേസ്ബുക്കിൽ എഴുതുന്നു: നിരാശയുടെ പടുകുഴിയിൽ വീണ് ജീവിതം തള്ളി നീക്കുകയും
ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നവർ
മുംബൈയിയിൽ നിരവധിയാണ്. പ്രത്യാശയുടെ കിരണങ്ങൾ
നിറയ്ക്കാൻ പര്യാപ്തമായ കൈത്താങ്ങുമായി ഫോമയുടെ
പുതിയ ചുവടുവയ്പ്പിനു സെമിനാറിൽ
വൈകീട്ട് 5 മണിക്ക് തുടക്കം കുറിക്കും.

വലിയ സന്തോഷം തോന്നുകയാണ്. ഇതാണ് ശരിയായ പരിശ്രമം.
പുസ്തകോൽസവത്തിന്റെ ഭാഗമായ്യാണ് ഈ സെമിനാർ നടക്കുന്നത്.


 പരേതരുടെ ഇൻബോക്സ്
പത്മ സജു എഴുതിയ 'മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌'(തർജനി) പുതിയൊരു മേഖല തുറക്കുന്നു.

ഒരാൾ മരിക്കുന്നതോടെ , അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്തെല്ലാം വിനിമയം ചെയ്യുന്നു!.അത് മറ്റൊരു പ്ലാനറ്റാണ്. ആ വസ്തുക്കൾക്ക് അധികാരമുണ്ടോ?
അതിനു മറ്റൊരു ഭാഷകൂടി വശമാകുന്നുണ്ടോ?
ഇതാ ഈ വരികൾ വായിക്കൂ:മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌
മൌനമുറഞ്ഞുപോയൊരു മഹാസമുദ്രമാണ്
എങ്കിലും ആഴങ്ങളില്‍ നാമറിയാത്ത
ചില നേര്‍ത്ത തിരയിളക്കങ്ങളില്‍
നിശ്ശബ്ദമായ ചില മറുപടികളുണ്ട്
പറയുവാനവര്‍ കാത്തുവച്ചിരുന്നത്..മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌
ആരുമറിയാത്തൊരു വസന്തമൊളിപ്പിക്കുന്നു.
പിന്നെ വാക്കുകള്‍ പൊള്ളിച്ച വേനലുകള്‍,
മഞ്ഞുപോലുറഞ്ഞ മറുപടികള്‍..
ഹൃദയത്തിന്റെ നാലറകളിലവര്‍
പല ഋതുക്കളൊളിപ്പിച്ചപോലെ..മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌
നാം എത്രമുട്ടിയാലും തുറക്കപ്പെടാതെ
അടഞ്ഞുപോയ വാതിലുകളാണ്.
എങ്കിലും ചില സ്പന്ദനങ്ങള്‍
അടഞ്ഞ വാതിലിനപ്പുറം പലനേരം
പതുക്കെ വന്നുമടങ്ങാറുണ്ട്‌..നാമാരുമറിയാതെ.

സിഗ് മൺഡ്  ഫ്രോയിഡ് ലൈംഗികസ്വഭാവത്തപ്പറ്റി





ഒരാളുടെ ലൈംഗികസ്വഭാവം എന്നത് അയാളുടെ മറ്റെല്ലാ കാര്യങ്ങളിലുമുള്ള പെരുമാറ്റരീതിയുടെ ഒരു അപരരൂപമാണ്.

AKSHARAJALAKAM

AKSHARAJALAKAM/